ഭൂകമ്പം: തുർക്കിയയിലേക്ക് എയർ ബ്രിഡ്ജ് വിമാനങ്ങളൊരുക്കി ഖത്തർ
text_fieldsദോഹ: ഭൂചലനത്തിൽ നിരവധിപേർ മരിച്ച ദുരന്തത്തെ നേരിടാൻ തുർക്കിയയെ സഹായിക്കുന്നതിനായി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശാനുസരണം ഖത്തർ എയർ ബ്രിഡ്ജ് വിമാനങ്ങൾ അനുവദിച്ചു. രണ്ടു രാജ്യങ്ങൾക്കിടയിൽ ആളുകൾക്ക് സ്വതന്ത്രമായി നേരിട്ട് യാത്രചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് എയർബ്രിഡ്ജ്.
എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾക്കൊപ്പം തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന്റെ (ലഖ്വിയ) ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഉണ്ടാകും. ഫീൽഡ് ഹോസ്പിറ്റൽ, റിലീഫ് എയ്ഡ്, ടെന്റുകൾ, ശീതകാല സാധനങ്ങൾ എന്നിവയും ഒപ്പമുണ്ടാകും.
തുർക്കിയ പ്രസിഡന്റുമായി അമീർ ടെലിഫോൺ സംഭാഷണം നടത്തി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി തിങ്കളാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. തെക്കുകിഴക്കൻ തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ അദ്ദേഹം അനുശോചനമറിയിച്ചു. ദുരന്തത്തിനിരയായർക്ക് കരുണ തേടിയും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും അമീർ പ്രാർഥിച്ചു.
ഭൂകമ്പം അവശേഷിപ്പിച്ച ഗുരുതരമായ മാനുഷിക പ്രത്യാഘാതം ലഘൂകരിക്കുന്നതിൽ തുർക്കിയക്ക് ഖത്തറിന്റെ പിന്തുണ അറിയിച്ച അദ്ദേഹം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.