വിമാന യാത്രികരുടെ സേവനത്തിനായി 'എയർ സേവ'
text_fieldsനാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ലഗേജ് കിട്ടിയില്ല.. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റെടുത്ത് യാത്രപുറപ്പെടാനായി വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടുമെന്നറിയിച്ച സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നില്ല...
വിമാന യാത്രക്കാർ പലതരം ബുദ്ധിമുട്ടുകളാണ് പലപ്പോഴായി നേരിടുന്നത്. ഈ ഘട്ടത്തിൽ എന്തു ചെയ്യും. എങ്ങനെ പരാതി നൽകും. എന്താണ് നഷ്ടപരിഹാരത്തിനുള്ള വഴി? ഇത്തരം ആധികൾ ഒരുപാട് പേരാണ് പലപ്പോഴായി പങ്കുവെക്കുന്നത്. അവർക്കുള്ള ഉത്തരമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പരാതി പരിഹാര സംവിധാനമായ ‘എയർ സേവ’. എയർ സേവ ആപ്ലിക്കേഷൻ വഴിയോ, വെബ്സൈറ്റ് വഴിയോ, പി.എൻ.ആർ നമ്പർ സഹിതം ‘എയർ സേവ’യിൽ പരാതി നൽകാം. പ്രീ ട്രാവൽ, യാത്രക്കിടയിൽ, യാത്രക്കുശേഷം എന്നീ ഓപ്ഷനുകളിൽ എയർലൈൻ, എയർപോർട്ട്, കസ്റ്റംസ്, ഡി.ജി.സി., ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളുമായെല്ലാം ബന്ധപ്പെട്ട് പരാതി നൽകാൻ കഴിയും.
നാട്ടിലേക്കുള്ള യാത്ര ആയാസരഹിതമാക്കാനും നാം നേരിടുന്ന പല കാര്യങ്ങളിലും അവകാശങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാനുള്ള സംവിധാനം എന്ന നിലയിൽ ‘എയർ സേവ’യെ ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം. ഇന്ത്യയിലെ വിമാന കമ്പനികൾ, എയർപോർട്ടുകൾ മുതലായവയുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ട് പര്യാപ്തമായ പരിഹാരം കാണുന്നില്ലെങ്കിൽ പ്രയോജനപ്പെടുത്താവുന്ന ഫലപ്രദ സംവിധാനമാണ് എയർ സേവ ആപ്.
വിശദാംശങ്ങൾ
ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ഈ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. വിമാനം റദ്ദാക്കൽ, കാൻസൽ ചെയ്യൽ, നേരം വൈകി പുറപ്പെടൽ എന്നീ സാഹചര്യങ്ങളിൽ നിയമാനുസൃത നഷ്ടപരിഹാരം ലഭിക്കൽ, ബാഗേജ്, റീഫണ്ട്, കസ്റ്റംസ്, ഇമിഗ്രേഷൻ, ഡി.ജി.സി.എ. സെക്യൂരിറ്റി ചെക്ക്, എയർപോർട്ടിലെ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും പരാതി ബോധിപ്പിക്കാൻ സാധിക്കും.
ലഭിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ എയർ പോർട്ടിലും ഓരോ നോഡൽ ഓഫിസർ ഉണ്ടായിരിക്കും. സമയ ബന്ധിതമായി പരാതികൾക്ക് പരിഹാരം കാണേണ്ടത് ബന്ധപ്പെട്ട എയർപോർട്ടുകളുടെയും എയർലൈൻ കമ്പനികളുടെയും ബാധ്യതയാണ്. സമയബന്ധിതമായി പരിഹാരം കാണാത്ത പക്ഷം ബന്ധപ്പെട്ട അധികാരികൾക്കെതിരെ നടപടി വരുന്നതാണ്. ലഭിച്ച പരിഹാരത്തിൻ മേൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അതിനുള്ള അവസരവും ഉണ്ട്. ഈ സംവിധാനം വഴി 74,000 ത്തിലധികം പരാതികൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.