ടാക്സിയിൽ പറക്കാം െപ്ലയിനിൽ ഡെലിവറിയും
text_fieldsദോഹ: റോഡിലെ തിരക്കിനോട് ബൈ പറഞ്ഞ്, നഗരത്തിരക്കിൽനിന്നും ഉയർന്നു പൊങ്ങുന്ന എയർ ടാക്സിയിൽ അൽ വക്റയിലെയും അൽ ഖോറിലെയും ലക്ഷ്യ സ്ഥാനത്തെത്തുന്ന നാളുകൾ ആലോചിച്ചു നോക്കൂ... അതുമല്ലെങ്കിൽ തപാൽ ഉരുപ്പടികളും പാർസലുകളും ഇലക്ട്രോണിക് ഡെലിവറി വിമാനങ്ങളിൽ ലക്ഷ്യ സ്ഥാനത്ത് അതിവേഗത്തിലെത്തുന്നത്. സമീപകാലം വരെ, ലോകത്തിന്റെ വിദൂര സ്വപ്നങ്ങളിൽ മാത്രമായിരുന്നു ഈ സാങ്കേതിക വിദ്യകൾ ഖത്തറിന്റെ ആകാശത്തും വട്ടമിട്ടു പറക്കാൻ പോവുകയാണ്. യാത്രക്കാരുടെ ഹ്രസ്വദൂര സഞ്ചാരം സാധ്യമാക്കുന്ന എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷണത്തിനായി സജ്ജമായതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. 2025 തുടക്കത്തോടെ തന്നെ ഇവ രണ്ടും രാജ്യത്ത് പരീക്ഷണ പറക്കൽ നടത്തുമെന്ന് അധികൃതർ സമൂഹ മാധ്യമായ ‘എക്സിൽ’ പങ്കുവെച്ച സന്ദേശത്തിൽ അറിയിച്ചു.
പരിസ്ഥിതി സൗഹൃദവും കാർബൺ ബഹിർഗമനം കുറച്ചുമുള്ള സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വമ്പൻ രാജ്യങ്ങൾ പരീക്ഷണം ആരംഭിച്ച എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി െപ്ലയിനും ഖത്തറിലുമെത്തുന്നത്. പരീക്ഷണ പറക്കലിനുള്ള അനുമതികള്‍ക്കായി നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും നിർമിത ബുദ്ധിയും (എ.ഐ) ഉപയോഗിക്കുന്നതാണ് എയര്‍ മൊബിലിറ്റി എന്ന പുതിയ ആശയം. ഖത്തർ ദേശീയ വികസന പദ്ധതിയുടെ മൂന്നാം ഘട്ടങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് പ്രോത്സാഹനം നൽകുന്നത്.
വിവിധ രാജ്യങ്ങളാണ് ഹ്രസ്വദൂര യാത്രക്കുള്ള എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി െപ്ലയിനുകളുടെയും പരീക്ഷണം ആരംഭിച്ചു തുടങ്ങുന്നത്. ഫോസിൽ ഇന്ധനങ്ങൾക്കു പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറു ഇലക്ട്രിക് െപ്ലയിനുകളാണ് ഡെലിവറിക്കായി ഉപയോഗപ്പെടുത്തുന്നത്. മൂന്നു ടൺ വരെ പാർസൽ വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതും മണിക്കൂറിൽ 270 കി.മീ വരെ വേഗത്തിൽ പറക്കാൻ കഴിയുന്നതുമെല്ലാമാണ് നിലവിൽ വിവിധ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. സമാനമായ പദ്ധതി അടുത്തിടെ ന്യൂസിലൻഡും പ്രഖ്യാപിച്ചിരുന്നു. 2026ഓടെ പ്രാബല്യത്തിൽ വരുത്താനാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം. എന്നാൽ, ഖത്തറിന്റെ എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി െപ്ലയിനും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്കൻ കമ്പനിയായ ‘ബീറ്റ’യുടെ ചെറു ഇ-ഡെലിവറി വിമാനം ഉപഭോക്താക്കളിലേക്ക് കാർഗോ, മെഡിക്കൽ, ഡിഫൻസ് ഉൾപ്പെടെ ലഭ്യമാക്കുന്നിടം വരെ വികസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.