വിമാനങ്ങളുടെ പുറംപാളിയിലെ തകരാർ:യു.കെ കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഖത്തർ എയർവേസ്
text_fieldsദോഹ: വിമാനങ്ങളുടെ പുറംപാളിയിലെ തകരാറുമായി ബന്ധപ്പെട്ട് യൂറോപ്യൻ വിമാന നിർമാണ കമ്പനി എയർ ബസിനെതിരായ നിയമയുദ്ധത്തിൽ ബ്രിട്ടീഷ് ഹൈകോടതിയുടെ ഇൻജങ്ഷൻ ഉത്തരവിനെ ഖത്തർ എയർവേസ് സ്വാഗതം ചെയ്തു. കേസ് സംബന്ധിച്ച് ഏപ്രിലിൽ അടുത്ത വാദം കേൾക്കുന്നതു വരെ കൂടുതൽ നടപടികളിലേക്കോ മറ്റോ നീങ്ങുന്നതിന് എയർ ബസിനെ വിലക്കുന്നതാണ് ഉത്തരവ്. നിർദേശം ലംഘിച്ചാൽ എയർ ബസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. 321 കരാറുമായി ബന്ധപ്പെട്ട നടപടികളിലും തിരിച്ചടിയുണ്ടാവും. ലണ്ടൻ ഹൈകോടതി ഉത്തരവിനു പിന്നാലെ ഖത്തർ എയർവേസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് എയർബസ് സി.ഇ.ഒ നടത്തിയ വിശദീകരണം ഞെട്ടിച്ചതായും ഖത്തർ എയർവേസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സ്വയം പരിരക്ഷക്കും കമ്പനിയുടെ സംരക്ഷണാർഥവുമാണ് നിയമനടപടിയെന്നും പ്രശ്നം സൗഹാർദപരമായും രമ്യമായും പരിഹരിക്കാനാണ് ശ്രമമെന്നുമായിരുന്നു എയർബസ് സി.ഇ.ഒയുടെ വിശദീകരിണം.
എയർബസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടാവുന്നതായി തങ്ങളുടെ നിയമസംഘത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി. എയർ ബസ് 350 കേടുപാട് സംബന്ധിച്ച പരാതിക്ക് പിന്നാലെ തങ്ങളുടെ കരാർ റദ്ദാക്കിയ നടപടി ഞെട്ടിച്ചതായി ഖത്തർ എയർവേസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. വിമാനങ്ങളുടെ കേടുപാട് സംബന്ധിച്ച സുതാര്യ അന്വേഷണത്തിന് ഉത്തരവ് തേടാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.
എയർബസ് 350 വിഭാഗത്തിലെ 21 വിമാനങ്ങളുടെ പുറംപാളിയിലെ തകരാർ സംബന്ധിച്ചാണ് യൂറോപ്യൻ വിമാന നിർമാണ കമ്പനി എയർബസും, ഖത്തർ എയർവേസും തമ്മിലുള്ള തർക്കം. പരാതിക്ക് പരിഹാരമില്ലാതെ നീണ്ടതോടെ ഖത്തർ എയർവേസ് നിയമ നടപടി ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.