വിമാന ടിക്കറ്റ് ചാർജ് കുറക്കാനുള്ള ഇടപെടൽ നടത്തണം -ഐ.എം.സി.സി
text_fieldsദോഹ: പ്രവാസികളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന വിമാന നിരക്ക് വർധന വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ഐ.എം.സി.സി ഖത്തർ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം നാലാം ലോക കേരള സഭയിൽ ഉന്നയിച്ചതായി ഐ.എം.സി.സി ഖത്തർ പ്രസിഡന്റും നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.പി. സുബൈർ പറഞ്ഞു. സീസൺ സമയങ്ങളിൽ ആവശ്യത്തിന് വിമാന സർവിസുകൾ ലഭ്യമല്ലാത്തതിനാൽ ഓരോ വർഷവും സീറ്റ് ലഭ്യതക്കുറവ് മൂലം പ്രയാസപ്പെടുകയാണ് പ്രവാസികൾ. സീസൺ സമയത്തെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ശക്തമായി ആവശ്യം ഉന്നയിക്കണം. കൂടാതെ കണ്ണൂർ വിമാനത്താവളത്തിൽ പോയന്റ് ഓഫ് കോൾ പദവി ലഭ്യമാക്കാൻ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് സമയബന്ധിതമായ ഇടപെടൽ നടത്തണമെന്നും അതുവഴി കണ്ണൂരിലേക്ക് വിദേശ വിമാനങ്ങൾ സർവിസ് നടത്താൻ വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യത്ത് അറിഞ്ഞോ അറിയാതെയോ പലതരം നിയമ ലംഘനങ്ങളിൽ ഉൾപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ പ്രവാസലോകത്തേക്ക് പോകുന്നതിന് മുമ്പ് അതത് രാജ്യത്തെ നിയമസംവിധാനത്തെ കുറിച്ച് ബോധവത്കരണം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.