വിമാനനിരക്ക് വർധന; സര്‍ക്കാര്‍ ഇടപെടണം - കെ.എം.സി.സി മൊഗ്രാൽ പുത്തൂർ
text_fieldsദോഹ: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനനിരക്കുകള്‍ ക്രമാതീതമായി വർധിപ്പിച്ച വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍നിന്ന് അധികം ഈടാക്കുന്നത്. വിമാന കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. നാടിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പെരുന്നാൾ-സ്കൂൾ അവധിക്കായി നാട്ടിലേക്ക് വരുന്ന പ്രവാസികളെ കൊള്ളയടിക്കാനാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
നാടിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സർവിസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിൽനിന്നുമുള്ള എം.പിമാർ എന്നിവർക്ക് നിവേദനം നൽകും.
പ്രസിഡന്റ് അൻവർ കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, കെ.ബി. റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദ്ദിൻ, ഹമീദ് കൊടിയമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.