തിരുവനന്തപുരം വിമാനത്താവളം യൂസർഫീ വർധന പ്രവാസികൾക്ക് തിരിച്ചടി
text_fieldsദോഹ: അദാനി ഗ്രൂപ് ഏറ്റെടുത്ത തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസർഫീ വർധന തെക്കൻ കേരളത്തിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി. വിമാനങ്ങളുടെ ലാൻഡിങ് ഫീ ഉൾപ്പെടെ മറ്റു ഫീസുകളുടെ വർധനയും ടിക്കറ്റ് നിരക്ക് വർധനയുടെ രൂപത്തിൽ പ്രവാസികൾ തന്നെ വഹിക്കേണ്ടിവരും. വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കും യൂസർഫീ ബാധകമാക്കി. നിലവിൽ ആഭ്യന്തര യാത്രക്കാർക്ക് 506 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 1069 രൂപയുമാണ് യൂസർഫീ. പുതുക്കിയ നിരക്കനുസരിച്ച് ജൂലൈ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര തുടങ്ങുന്ന ആഭ്യന്തര യാത്രക്കാർ 770 രൂപയും വന്നിറങ്ങുന്നവർ 330 രൂപയും നൽകണം. 2025-26 വർഷം ഇത് യഥാക്രമം 840ഉും 360ഉം ആയി വർധിക്കും. 2026-27 വർഷം ഇത് 910ഉും 390ഉും ആയി ഉയരും.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് യഥാക്രമം 1540, 1680, 1820 എന്നിങ്ങനെയാണ് വർധിപ്പിച്ചത്. വിദേശത്തുനിന്ന് വന്നിറങ്ങുന്നവർ 660, 720, 780 എന്നിങ്ങനെ നൽകേണ്ടി വരും. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷങ്ങളിൽ ഇത് 14,00ഉം 1650 മായി വർധിപ്പിക്കാം. വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന കമ്പനികൾ നൽകേണ്ട ലാൻഡിങ് ചാർജും വർധിപ്പിച്ചു. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. നിരക്ക് വർധനയുടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഉടൻ ടിക്കറ്റ് നിരക്ക് ഉയർത്തും. ജി.സി.സി രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്തിയിരിക്കുകയാണ്. ഇതിനൊപ്പം യൂസർഫീ കൂടി വരുമ്പോൾ താങ്ങാവുന്നതിലപ്പുറമാവും ടിക്കറ്റ് നിരക്ക്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് (എ.ഇ.ആർ.എ) വിമാനത്താവളങ്ങളുടെ യൂസർ ഡെവലപ്മെന്റ് ഫീ (യു.ഡി.എസ്) നിശ്ചയിക്കുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോൾ വിമാനത്താവളങ്ങളിൽ നടത്താൻ ലക്ഷ്യമിടുന്ന പദ്ധതികളും ഇതിനായുള്ള നിക്ഷേപത്തുകയും പരിഗണിച്ചാണ് അഞ്ചു വർഷത്തേക്ക് മൾട്ടി ഇയർ താരിഫ് പ്രപ്പോസൽ നിശ്ചയിക്കുന്നത്. 2021 മുതൽ 25 വരെയുള്ള സാമ്പത്തിക വർഷത്തെ താരിഫാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ കുത്തനെ ഉയർത്തിയത് പ്രതിഷേധാർഹമാണെന്നും തെക്കൻ കേരളത്തിലെ പ്രവാസികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജിജി ജോൺ പ്രതികരിച്ചു. അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും നിരക്ക് വർധനക്ക് കളമൊരുങ്ങുന്നത് ഇരുട്ടടി തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ അനീതിയാണെന്നും പിൻവലിക്കണമെന്നും തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് യുസേര്സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിക്ക്) അബ്ദുൽ റഊഫ് കൊണ്ടോട്ടി പറഞ്ഞു.
എയർപോർട്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ യൂസർ ഡെവലപ്മെന്റ് ഫീ അടക്കം നിരവധി താരിഫുകളെ സംബന്ധിച്ച് കൺസൾട്ടേഷൻ പേപ്പർ ഇറക്കുകയും ജനപ്രതിനിധികളും യാത്രക്കാർക്കും പരാതി അറിയിക്കാൻ സമയം നൽകുകയും ചെയ്യാറുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നാണ് മനസ്സിലാക്കുന്നത്. യഥാസമയം പ്രതികരണം അറിയിക്കാൻ പ്രവാസികളും ജനപ്രതിനിധികളും മാധ്യമങ്ങളും അടക്കം തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.