ഫലസ്തീന്റെ ശബ്ദമായി മാറുന്ന അജ് യാൽ
text_fieldsദോഹ: ശനിയാഴ്ച ദോഹയിൽ തിരശ്ശീല ഉയരുന്ന അജ് യാൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഫലസ്തീന്റെ പോരാട്ടവീര്യത്തോടുള്ള ഐക്യദാർഢ്യവും ആദരവുമായി മാറും. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കിരയായി ജീവനറ്റ് വീണ 43,000ത്തിലേറെ വരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ശബ്ദമായി ഫലസ്തീനിൽനിന്നുള്ള ചലച്ചിത്രങ്ങളും, യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഹ്രസ്വചിത്രങ്ങളും അജ് യാലിലെ വേദികളിൽ നിറയും.
യുദ്ധഭൂമിയിൽനിന്നും ഫലസ്തീൻ ചലച്ചിത്രകാരന്മാർ ധൈര്യപൂർവം ഒപ്പിയെടുത്ത യഥാർഥ്യങ്ങളെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് അജ് യാലെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ‘ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളെ കുപ്രചാരണത്തിലൂടെയും തെറ്റായ വിവരണങ്ങളിലൂടെയും വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തിലെ നിർണായക നിമിഷത്തിലാണ് നമ്മൾ.
ഈ സാഹചര്യത്തിൽ ഫലസ്തീനിൽനിന്നുള്ള യഥാർഥ ശബ്ദങ്ങൾ മറ്റേത് കാലത്തേക്കാളും ധീരതയോടെ ഉയർന്നുകേൾക്കേണ്ടത് പ്രധാനമാണ്. അജ് യാലിലെ ഈ സിനിമകൾ നീതിയും സഹാനുഭൂതിയും ലഭ്യമാക്കാനുള്ള ആഹ്വാനമാണ്. ഫലസ്തീൻ സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് ചിത്രങ്ങൾ’ -ഡി.എഫ്.ഐ സി.ഇ.ഒയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഫാത്തിമ ഹസൻ അൽ റുമൈഹി പറഞ്ഞു.
16 മുതൽ 23 വരെ നീളുന്ന അജ് യാലിൽ എട്ട് ഫലസ്തീൻ സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. ആറ് ഫീച്ചർ ഫിലിമുകൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ഗസ്സയിൽനിന്നുള്ള യുദ്ധഭീകരതയെ പകർത്തിയെടുത്ത 22 ഹ്രസ്വചിത്രങ്ങൾ ഉൾക്കൊള്ളുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഇൻതാജിൽ പ്രദർശിപ്പിക്കും.
22 ഫലസ്തീനി സിനിമ പ്രവർത്തകർ യുദ്ധവേളയിൽ സ്വന്തം മണ്ണിൽനിന്നും പകർത്തിയ മൂന്ന് മുതൽ ആറ് മിനിറ്റ് വരെയുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് ‘ഫ്രം ഗ്രൗണ്ട് സീറോ; അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗസ്സ’ കാഴ്ചക്കാരിലെത്തുന്നത്.
ഇതിനു പുറമെയാണ് പ്രശസ്ത ഫലസ്തീൻ ചലച്ചിത്രകാരൻ മുഹമ്മദ് ബാക്രിയുടെ ‘ജെനിൻ ജെനിൻ’ പ്രദർശനത്തിനെത്തുന്നത്. 2002ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ പശ്ചാത്തലമായ ജെനിൻ അഭയാർഥി ക്യാമ്പിലേക്ക് യുദ്ധം ആരംഭിച്ചശേഷമുള്ള സംവിധായകന്റെ യാത്രയും ആവർത്തിക്കുന്ന യുദ്ധവും ഉൾക്കൊള്ളുന്ന ചിത്രം ഇതിനകം തന്നെ ലോകമെങ്ങും ചർച്ചയായിക്കഴിഞ്ഞു. സ്പെഷൽ സ്ക്രീനിങ്ങിലൂടെയാണ് ‘ജെനിൻ ജെനിൻ’ പ്രദർശിപ്പിക്കുന്നത്.
മുഹമ്മദ് അൽ മുഗാനിയുടെ ‘ആൻ ഓറഞ്ച് ഫ്രം ജാ’, സൈഫ് ഹമ്മാഷിന്റെ ‘ദി ഡീർസ് ടൂത്ത്’, ആനി സകാബിന്റെ ‘ദി പോയം വി സങ്’, കമാൽ അൽജഫരിയുടെ ‘അണ്ടർ’ ലൈല അബ്ബാസിന്റെ ‘താങ്ക്യു ഫോർ ബാങ്കിങ് വിത്ത് അസ്’, വസീം ഖൈറിന്റെ ‘ഗസ്സ ബ്രൈഡ് 17’ തുടങ്ങിയ ചിത്രങ്ങൾ അരനൂറ്റാണ്ടിലേറെയായി യുദ്ധഭൂമിയായി മാറിയ മണ്ണിലെ ജീവിതത്തിന്റെ പലകാഴ്ചകളാണ് തുറന്നു നൽകുന്നത്.
42 രാജ്യങ്ങൾ; 66 ചിത്രങ്ങൾ
42 രാജ്യങ്ങളിൽനിന്നുള്ള 66ഓളം ചലച്ചിത്രങ്ങളാണ് അജ് യാലിൽ പ്രദർശിപ്പിക്കുന്നത്. 18 ഫീച്ചർ സിനിമകൾ, 26 ഷോർട് ഫിലിമുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ സിനിമ കാഴ്ചകൾ. 24 വനിത സംവിധായകരുടെ ചിത്രങ്ങളും എത്തുന്നു. കതാറ, സികാത് വാദി മുശൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വി.ഒ.എക്സ് എന്നിവിടങ്ങളിലാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.