ചലച്ചിത്ര ആവേശമായി അജ്യാൽ വീണ്ടും
text_fieldsദോഹ: ഖത്തറിലെ ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16 മുതൽ 23 വരെ തീയതികളിലായി നടക്കും. കഴിഞ്ഞ വർഷം, ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ മേളയാണ് ഒരു വർഷത്തെ ഇടവേളക്കുശേഷം തിരികെയെത്തുന്നത്.
എല്ലാ വർഷങ്ങളിലുമായി നടക്കുന്ന മേളയുടെ 12ാമത് പതിപ്പിനാണ് ഇത്തവണ വേദിയാവുന്നത്. പലതലമുറകൾക്ക് ആവേശം നൽകുന്ന ചലച്ചിത്ര, സാംസ്കാരിക ഉത്സവമായാവും അജ്യാൽ തിരികെയെത്തുന്നത്. പ്രദർശനത്തിൽ പങ്കെടുക്കുന്ന മത്സര വിഭാഗത്തിലുള്ള ചലച്ചിത്രങ്ങൾ സെപ്റ്റംബർ ഒന്നിന് മുമ്പായി സമർപ്പിക്കാവുന്നതാണ്. മേയ് 12 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. ഫീച്ചർ, ഷോട്ട് ഫിലിം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനു പുറമെ, സുപ്രധാനമായ ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിലുള്ള പ്രദർശനവുമുണ്ട്. ഖത്തറിലുള്ളവരും താമസക്കാരുമായവർക്ക് തങ്ങളുടെ ചലച്ചിത്ര സൃഷ്ടികൾ സമർപ്പിക്കാനാവുന്നതാണ് ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗം. സെപ്റ്റംബർ 15ന് മുമ്പായി ഈ വിഭാഗത്തിൽ അപേക്ഷ നൽകണം. അറബ് മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ചലച്ചിത്ര പ്രവർത്തകരുടെയും സിനിമാ പ്രേമികളുടെയും പ്രധാന സംഗമവേദിയായി മാറുന്ന അജ്യാൽ ഫെസ്റ്റിവൽ മികച്ച സിനിമാനുഭവവുമായി വീണ്ടും എത്തുകയാണെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫാതിമ ഹസൻ അൽ റിമൈഹി പറഞ്ഞു.
മേഖലയിലെ മുൻനിര ചലച്ചിത്ര മേളയെന്ന നിലയിൽ പ്രതിഭകൾക്കും ഭാവി ചലച്ചിത്ര പ്രവർത്തകർക്കും ആതിഥ്യമൊരുക്കുന്ന വേദിയായി അജ്യാൽ മാറും. സിനിമ, ഡോക്യുമെന്ററി, ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനത്തിന് പുറമെ ശിൽപശാലകൾ, പാനൽ ചർച്ചകൾ എന്നിവയും നടക്കും. സമർപ്പിക്കുന്ന സിനിമകൾ ഫെസ്റ്റിവലിന് മുമ്പായി ഖത്തറിൽ റിലീസ് ചെയ്യുകയോ പൊതു പ്രദർശനമോ സംപ്രേഷണമോ ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.