കാഴ്ചയുടെ മേളക്ക് ഇന്ന് കൊടിയേറ്റം
text_fieldsദോഹ: ലോക സിനിമയെ ഇഷ്ടപ്പെടുന്ന ഖത്തറിലെ സിനിമപ്രേമികൾക്ക് ഇനി ഉത്സവ നാളുകൾ. ഒരു വർഷത്തെ ഇടവേളക്കുശേഷം തിരികെയെത്തുന്ന അജ് യാൽ ചലച്ചിത്ര മേളക്ക് ശനിയാഴ്ച തിരശ്ശീല ഉയരും. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം റദ്ദാക്കിയ ചലച്ചിത്ര പ്രദർശനമാണ് ഇത്തവണ തിരികെയെത്തുന്നത്.
ശനിയാഴ്ച തുടങ്ങി, നവംബർ 23വരെ നീളുന്ന മേളയിൽ ഖത്തറിലേതുൾപ്പെടെ 42 രാജ്യങ്ങളിൽനിന്ന് 66 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. ലോകത്തിന്റെ ചെറുത്തു നിൽപ്പും, പോരാട്ടവും, പ്രതീക്ഷയും, സാമൂഹിക ഉന്നമനവുമെല്ലാം വിഷയങ്ങളാകുന്ന വൈവിധ്യമാർന്ന സിനിമശേഖരമാണ് ഇത്തവണത്തെ പ്രത്യേകത.
കാതറ, സികാദ് വാദി മുശൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റി വോക്സ് സിനിമ എന്നിവിടങ്ങളിലായാണ് എട്ടു ദിനങ്ങളിലായി പ്രദർശനം നടക്കുന്നത്.
ആദ്യ ദിനത്തിൽ ഉദ്ഘാടന ചിത്രമായി ‘സുഡാൻ; റിമംബർ അസ്’ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുനീഷ്യൻ ചലച്ചിത്രപ്രവർത്തക ഹിന്ദ് മെദ്ദബിന്റെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണ് സുഡാൻ; റിമംബർ അസ്’ (സുഡാൻ, നമ്മെ ഓർമിപ്പിക്കുന്നത്). ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രം, സുഡാനിലെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളിൽ കൂടിയുള്ള സഞ്ചാരം കൂടിയാണ്.
കവിതകളും, മുദ്രാവാക്യങ്ങളും, വാക്കുകളും സ്വാതന്ത്ര്യപോരാട്ടത്തിന്റെ ആയുധങ്ങളാക്കി പട്ടാള ഭരണത്തിനെതിരെ പോരാടുന്ന യുവാക്കളായ സുഹൃത്തുക്കളിലൂടെ വികസിക്കുന്നതാണ് ‘സുഡാൻ റിമംബർ അസ്’. ഈ വർഷം വെനീസ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, ഏറെ പ്രശംസ നേടിയാണ് ദോഹയിലേക്കുമെത്തുന്നത്.
‘സുഡാനിന്റെ കഥയുമായി പ്രദർശനമാരംഭിക്കുന്ന അജ് യാൽ അവഗണിക്കപ്പെടുന്ന മേഖലയുടെ വെളിച്ചമാകാനും, പ്രതിരോധങ്ങളുടെ ശബ്ദവും മനുഷ്യത്വത്തിന്റെ കരുത്തുമാവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണെന്ന് മേളയുടെ ഡയറക്ടർ കൂടിയായ ഫാത്തിമ ഹസൻ അൽ റിമൈഹി പറഞ്ഞു.
അർഥവത്തായ സംവാദങ്ങളിലൂടെയും പുതിയ കാഴ്ചപ്പാടുകൾ അറിയാനും കഥപറച്ചിലിന്റെ ആഖ്യാനശേഷിയെ ആഘോഷിക്കാനും ലോകമെങ്ങുമുള്ള കലാകാരന്മാർ സംഗമിക്കുന്ന വേദിയായി അജ് യാലിനെ മാറ്റുകയാണെന്നും അവർ പറഞ്ഞു.
18 ഫീച്ചർ ഫിലിമുകളും 48 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശനത്തിലെത്തുന്നത്. 26 അറബ് സിനിമകളാണ് ഇത്തവണത്തെ ആകർഷണം. 24 വനിത സംവിധായകരുടെ ചിത്രങ്ങളും വിവിധ രാജ്യങ്ങളിൽനിന്നായുണ്ട്. മത്സര വിഭാഗങ്ങളിലെ ചിത്രങ്ങൾക്കു പുറമെ, സ്പെഷൽ സ്ക്രീനിങ്, ഗസ്സയുടെ കഥപറയുന്ന ‘വോയ്സ് ഫ്രം ഫലസ്തീൻ’, ഖത്തർ-മൊറോക്കോ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി ആറ് മൊറോക്കോ ചിത്രങ്ങളും പ്രദർശനത്തിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.