അജ് യാൽ ചലച്ചിത്രമേളക്ക് തുടക്കമായി
text_fieldsദോഹ: ജീവിക്കാനുള്ള അവകാശത്തിനും സ്വന്തം ഭൂമിക്കുമായി പോരാടുന്ന മനുഷ്യരുടെ അതിജീവന കഥകളുമായി ഖത്തറിന്റെ ചലച്ചിത്രമേളയായ അജ് യാലിന് തുടക്കം. ശനിയാഴ്ച രാത്രി കതാറ ഡ്രാമ തിയറ്ററിലെ റെഡ് കാർപെറ്റിൽ താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം ഒന്നിച്ചെത്തിയ സായാഹ്നത്തിനു പിന്നാലെയായിരുന്നു മേളക്ക് തിരിതെളിഞ്ഞത്.
ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒയും മേളയുടെ ഡയറക്ടറുമായ ഫാത്തിമ ഹസൻ അൽ റിമൈഹി തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഫലസ്തീന് ജനതയുടെ ആത്മവീര്യത്തിനുള്ള അംഗീകാരമായി ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് കൈകളും നഷ്ടമായ കുട്ടിയെ ഉദ്ഘാടന പരിപാടിയില്‍ ആദരിച്ചു
സുഡാനിലെ മാനുഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘സുഡാന് റിമംബര്‍ അസ്’ എന്ന ചിത്രത്തോടെയായിരുന്നു പ്രദർശനം തുടങ്ങിയത്. സിനിമയുടെ അണിയറ പ്രവർത്തകരും വേദിയിലെത്തി.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ അജ് യാല്‍ ചലച്ചിത്രമേള ഇത്തവണ ഗസ്സയിലെ ദയനീയ കാഴ്ചകളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഇന്‍താജ് എന്ന പേരില്‍ ഗസ്സയില്‍നിന്നുള്ള ഗ്രൗണ്ട് സീറോ ദൃശ്യങ്ങളടങ്ങിയ ഹ്രസ്വചിത്രങ്ങളും ജെനിന്-ജെനിൻ സ്പെഷല്‍ സ്ക്രീനിങ്ങുമെല്ലാം വംശഹത്യയുടെ ഭീകരമുഖങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നതാണ്. തിങ്കളാഴ്ച രാത്രി 7.30നാണ് 22 ഹ്രസ്വചിത്രങ്ങൾ ഉൾക്കൊള്ളുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദർശിപ്പിക്കുന്നത്.
മുഹമ്മദ് ബാക്രിയുടെ ജെനിന് -ജെനിന് ഡോക്യുമെന്ററിയുടെ പ്രത്യേക സ്ക്രീനിങ് ചൊവ്വാഴ്ച രാത്രി ഏഴരക്ക് കതാറയില്‍ നടക്കും. 42 രാജ്യങ്ങളില്‍നിന്നുള്ള 66 ചിത്രങ്ങളാണ് എട്ടുദിവസം നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കതാറ, സികാത് വാദി മുശൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റി വോക്സ് സിനിമ എന്നിവടങ്ങളിൽ നടക്കുന്ന പ്രദർശനത്തിന് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റുറപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.