അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍
text_fieldsദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ഡി.എഫ്.ഐ) അജ്യാല്‍ യൂത്ത് ഫിലിം ഫെസ്്റ്റിവൽ ഒമ്പതാം പതിപ്പ് നവംബറിൽ നടക്കും. ഇതിലേക്ക് ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ സംഘാടകർ ക്ഷണിച്ചു. ഈ വര്‍ഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതു വരെയാണ് ഫിലിം ഫെസ്്റ്റിവല്‍. ഡി.എഫ്.ഐയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഡോക്യുമെൻററി, ആഖ്യാന ഹ്രസ്വ ഫീച്ചര്‍ സിനിമകള്‍ സമര്‍പ്പിക്കുന്നതിലൂടെ ചലച്ചിത്രപ്രേമികളായ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുമെന്ന് ഡി.എഫ്.ഐ ട്വീറ്റ് ചെയ്തു. അജ്യാല്‍ മത്സരവിഭാഗത്തിലേക്കുള്ള സിനിമകള്‍ ആഗസ്്റ്റ് 11നകവും മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലേക്കുള്ള സിനിമകള്‍ ആഗസ്്റ്റ് 23നകവും സമര്‍പ്പിക്കണം.
'തലമുറകള്‍' എന്നതിെൻറ അറബി പദമാണ് 'അജ്യാല്‍'. വിടവുകള്‍ നികത്തുകയും പ്രവര്‍ത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും തലമുറകളെ ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുകയാണ് ഫിലിംഫെസ്റ്റിവലിെൻറ ലക്ഷ്യം. ഇത് പ്രാദേശിക സമൂഹത്തിെൻറ വിവിധ മേഖലകള്‍ക്കിടയില്‍ സൃഷ്്ടിപരമായ ഇടപെടലിന് പ്രചോദനം നല്‍കുന്നു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഇത്തവണയും ഹൈബ്രിഡ് ഫോര്‍മാറ്റിലായിരിക്കും ഫെസ്്റ്റിവല്‍. വ്യക്തിഗത പരിപാടികളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുമാണ് ക്രമീകരിക്കുന്നത്. കോവിഡിെൻറ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷമായിരുന്നു അജ്യാലിെൻറ പ്രഥമ ഹൈബ്രിഡ് പതിപ്പ് നടന്നത്. 46 രാജ്യങ്ങളില്‍ നിന്നുള്ള 22 ഫീച്ചര്‍ സിനിമകളും 58 ഹ്രസ്വചിത്രങ്ങളും പങ്കെടുത്തു. ഇതില്‍ 31 എണ്ണം അറബ് ലോകത്തുനിന്നായിരുന്നു. 30എണ്ണം വനിത ചലച്ചിത്രപ്രവര്‍ത്തകരുടേതായിരുന്നു. ഡി.എ.ഐയുടെ പിന്തുണയുള്ളതായിരുന്നു 24 പദ്ധതികള്‍. െവര്‍ച്വല്‍ വ്യക്തിഗത ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംവേദനാത്മക ചര്‍ച്ചകള്‍, ലുസൈലില്‍ പ്രഥമ ഡ്രൈവ് ഇന്‍ സിനിമ അനുഭവം എന്നിവയെല്ലാം ശ്രദ്ധേയമായി. ഇത്തവണയും സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഫെസ്്റ്റിവലിെൻറ ഭാഗമായുണ്ടാകും.
മെയ്ഡ്് ഇന്‍ ഖത്തര്‍ വിഭാഗം
മുന്‍ പതിപ്പിലെന്നപോലെ, ഈ വര്‍ഷത്തെ ഫോര്‍മാറ്റില്‍ അജ്്യാല്‍ മത്സരവും മെയ്ഡ്് ഇന്‍ ഖത്തര്‍ വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജ്്യാലിെൻറ ഏറ്റവും സവിശേഷതയും ഇതാണ്. ഖത്തറില്‍ ചിത്രീകരിച്ചതോ നിലവില്‍ ഖത്തറില്‍ താമസിക്കുന്നവരോ ആയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രീകരിച്ചതോ ആയ സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. എട്ടു മുതല്‍ 25 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അജ്യാല്‍ ജൂറിയില്‍ പങ്കെടുക്കാന്‍ അവസരം. മേളയുടെ പ്രധാനആകർഷണമാണിത്. ഖത്തറിനു പുറമെ മറ്റു ലോകരാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും രജിസ്ട്രേഷനില്‍ പങ്കെടുക്കാം. മുന്‍വര്‍ഷങ്ങളിലെ ഫെസ്്റ്റിവലുകളില്‍ ജൂറിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ഇത്തവണയും ഫെസ്്റ്റിവലില്‍ പങ്കാളികളാകാം.
മൂന്നു വിഭാഗങ്ങളിലായാണ് ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. മൊഹഖ്, ഹിലാല്‍, ബാദര്‍ ജൂറികളാണുള്ളത്. സിനിമയോട് താല്‍പര്യവും അഭിനിവേശവുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാം. ഫെസ്്റ്റിവലില്‍ അതിഥികളായെത്തുന്ന സംവിധായകര്‍, ചലച്ചിത്രപ്രതിഭകള്‍, താരങ്ങള്‍ എന്നിവരെ കാണാനും ആശയവിനിമയം നടത്തുന്നതിനും ജൂറി അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും.
കുട്ടികള്‍ അടങ്ങിയ ജൂറി
അജ്യാല്‍ ഫിലിം ഫെസ്്റ്റിവലിെൻറ ഹൃദയമെന്നത് ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അടങ്ങിയ ജൂറിയാണെന്ന് ഡി.എഫ്.ഐ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ സിനിമകള്‍ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരമാണ് ജൂറി അംഗങ്ങളാകുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. മുന്‍ എഡിഷനുകളില്‍ അജ്്യാല്‍ ജൂറിയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളും അംഗങ്ങളായിരുന്നു. എട്ടു മുതല്‍ പന്ത്രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മൊഹഖ് വിഭാഗത്തിലെ സിനിമകള്‍ കാണാന്‍ അവസരമുള്ളത്. പതിമൂന്ന് മുതല്‍ പതിനേഴ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഹിലാല്‍ ജൂറിയില്‍ അവസരം. 18 മുതല്‍ 25വരെ പ്രായമുള്ളവരാണ് ബാദര്‍ ജൂറിയിലുണ്ടാകുക. കൂടാതെ ഏറ്റവും പ്രായംകുറഞ്ഞവര്‍ക്കായി ബാരിഖ് എന്ന വിഭാഗവുമുണ്ട്. നാലു മുതല്‍ ഏഴു വയസ്സുവരെയുള്ള
കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം പങ്കാളിയാകാനാകും. അജ്യാല്‍ ജൂറികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് രാജ്യാന്തരതലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.