അല്‍ അഖ്സ: ഇസ്രായേൽ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തര്‍
text_fieldsദോഹ: അല്‍ അഖ്സ പള്ളി ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തര്‍. പള്ളിയില്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കം മുസ്ലിം സമൂഹത്തോടുള്ള അക്രമമാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തീവ്ര വലതുപക്ഷക്കാരനായ മന്ത്രി ഇറ്റാമിര്‍ ബെന്ക്വിറാണ് വന്‍ സുരക്ഷ അകമ്പടിയോടെ മസ്ജിദുല്‍ അഖ്സയിലെത്തിയത്. ഇതിനെതിരെ ഇസ്രായേലിലെ പ്രതിപക്ഷം തന്നെ രംഗത്ത് വന്നിരുന്നു. സന്ദര്‍ശനം മനുഷ്യ ജീവിതത്തിനു ഭീഷണിയാകുമെന്നായിരുന്നു പ്രതികരണം. ഇതിന് പിറകെയാണ് അന്താരാഷ്ട്ര തലത്തിലും വന്‍ വിമര്‍ശനം ഉയര്‍ന്നത്. മസ്ജിദുല്‍ അഖ്സ ലക്ഷ്യമിട്ടുള്ള നീക്കം ഫലസ്തീനികള്‍ക്കെതിരായ ആക്രമണം മാത്രമല്ല, ഇത് ആഗോള മുസ്ലിം സമൂഹത്തിനെതിരായ ആക്രമണമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ മുസ്ലിം-ക്രിസ്ത്യന്‍ ആരാധനാലയങ്ങളും പാര്‍പ്പിടങ്ങളും തകര്‍ക്കുകയാണ്.
ഇസ്രായേലി കുടിയേറ്റ അതോറിറ്റിയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദി. അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണം. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും മസ്ജിദുല്‍ അഖ്സ വിഷയം ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി ചര്‍ച്ച ചെയ്തു. ഇന്നലെ 15 കാരനായ ഫലസ്തീന് ബാലനെ ഇസ്രായേലി സൈന്യം വെടിവെച്ച് കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.