അൽ ഗശാമിയ വൈൽഡ് പ്ലാന്റ് പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsപരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിലെ അൽ ഗശാമിയ വൈൽഡ് പ്ലാന്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം
ദോഹ: രാജ്യത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മരങ്ങൾ നട്ടുപിടിപ്പിക്കൽ യത്നവുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ദേശീയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഗശാമിയ വൈൽഡ് പ്ലാന്റ് പ്രൊപഗേഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പ്രകൃതി സംരക്ഷണ കാര്യ അസി. അണ്ടർ സെക്രട്ടറി ഇബ്റാഹീം അബ്ദുല്ലതീഫ് അൽ മസ്ലമാനി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി എൻജി. അബ്ദുൽ അസീസ് ബിൻ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ് ഉദ്ഘാടനം നിർവഹിച്ചു.
തദ്ദേശീയ കാട്ടുചെടികൾ വളർത്തുന്നതിനും, പ്രകൃതി ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് സംഭാവന നൽകുന്ന പദ്ധതികളെ പിന്തുണക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് പദ്ധതിയെന്ന് വന്യജീവി വികസന വകുപ്പ് മേധാവി യൂസുഫ് ഇബ്റാഹിം അൽ ഹമർ പറഞ്ഞു.
മൂന്ന് പ്രധാന നഴ്സറികളാണ് അൽ ഗശാമിയ സെന്ററിൽ സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി പുനരധിവാസ പദ്ധതികളുടെയും മരുഭൂവത്കരണത്തിനെതിരായ പോരാട്ടത്തിന്റെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രാദേശിക കാട്ടുചെടികൾ ഉൽപാദിപ്പിക്കുകയും വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഗശാമിയ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് 2023ൽ മാർച്ചിൽ തുടക്കം കുറിച്ചത്. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ ചെടികളുടെ വാർഷിക ഉൽപാദന ശേഷി 25,000ത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പ്രാദേശിക സസ്യങ്ങളുടെ മൂന്ന് ലക്ഷം വിത്തുൽപാദനത്തിന് പുറമേയാണിത്.
കഴിഞ്ഞ വർഷം നിരവധി തൈകൾ നട്ടുവളർത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സസ്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അൽ ഗശാമിയ സെന്റർ വികസിപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.