അടിമുടി വേവും ചൂടാണ്
text_fieldsദോഹ: രാത്രിയും പകലും വ്യത്യാസമില്ലാതെ വറുചട്ടിയിലെന്നപോലെ ചൂടാണിപ്പോൾ. വേനൽക്കാലം കടുത്തതോടെ, മരുഭൂമി വെന്തുരുകുന്നു. ചൂടും, ഒപ്പം അകംപോലും വേവിക്കുന്ന ഹ്യുമിഡിറ്റിയുമായി കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷം പൊള്ളുന്ന നാളുകളായി. ചൂടിന്റെ കാഠിന്യം വർധിക്കുന്നതിന്റെ സൂചനയായി അൽ ഹനാനക്ഷത്രം മാനത്ത് തെളിഞ്ഞതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി. ‘അൽ ഹനാഅ’ നക്ഷത്രം തെളിയുന്നതോടെ അന്തരീക്ഷ ഊഷ്മാവ് വർധിച്ച് വരും ദിനങ്ങളിൽ ചൂട് കൂടുമെന്നാണ് കണക്ക്.
അടുത്ത 13 ദിവസങ്ങളിൽ ചൂട് ശക്തമാകുകയും ഹ്യുമിഡിറ്റി വർധിക്കുകയും ചെയ്യും. കാലാവസ്ഥയിലെ മാറ്റങ്ങൾ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും കാറ്റ് കുറയാനും കാരണമാകും. കടൽത്തീരങ്ങൾ, മരുഭൂമി എന്നിവിടങ്ങളിൽ ചൂടിന്റെ പ്രത്യാഘാതങ്ങൾ വർധിക്കും. ഓരോ ദിവസത്തെയും കാലാവസ്ഥമാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഞായറാഴ്ച ദോഹയിൽ 42 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടു. വരുംദിവസങ്ങളിലും ചൂട് ശക്തമായി ഉയരുമെന്നാണ് കാലാവസ്ഥ വെബ്സൈറ്റുകൾ നൽകുന്ന സൂചന. തിങ്കളാഴ്ച മുതൽ ഇത് 47-48 ഡിഗ്രിയിലേക്കു വർധിക്കുമെന്ന് ചില വെബ്സൈറ്റുകൾ പ്രവചിക്കുന്നു.
കുറഞ്ഞത് 32 ഡിഗ്രിയും കൂടിയത് 45 ഡിഗ്രിയുമാണ് ഞായറാഴ്ച അടയാളപ്പെടുത്തിയത്. ദോഹയിൽ 32-41 ഡിഗ്രിയായിരുന്നു ഞായറാഴ്ചത്തെ താപനില. ജുമൈലിയയിലും മകൈനീസിലുമായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ദോഹയിൽ രാവിലെ ആറു മണിക്ക് 33 ഡിഗ്രിയായിരുന്നു താപനില. ഉച്ച 12 മുതൽ 3.30 വരെ 42 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. രാത്രി 11ന് 33 ഡിഗ്രിയും അനുഭവപ്പെടുന്നു.
വരുംദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം കൂടുമെന്നാണ് പ്രവചനം. ഹ്യുമിഡിറ്റി കൂടി അനുഭവപ്പെടുന്നതിനാൽ പകലും രാത്രിയിലും ചൂടിന് കാഠിന്യവുമേറും. പൊതുവെ തണുപ്പ് കാലാവസ്ഥയുള്ള അബു സംറ അതിർത്തിയിൽ 41-26 എന്നതായിരുന്നു ഞായറാഴ്ചയിലെ അന്തരീക്ഷ താപനില. ഉംസഈദിൽ 41-30ഉം തുർയാനയിൽ 44-29ഉം ഷഹാനിയയിൽ 36-28ഉം ദുഖാനിൽ 36-28ഉം അനുഭവപ്പെട്ടു. ഖത്തറിന്റെ മധ്യഭാഗമായ ഷഹാനിയയിൽ 43 ഡിഗ്രിയായിരുന്നു ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില. മിസൈമീറിൽ 42 ഡിഗ്രിയും അനുഭവപ്പെട്ടു.
സൂര്യാഘാതം സൂക്ഷിക്കുക
ചൂടും ഹ്യുമിഡിറ്റിയും കൂടിയ സാഹചര്യത്തിൽ സൂര്യാഘാതത്തിനുള്ള സാധ്യതകൾ ഓർമപ്പെടുത്തി ഹമദ് മെഡിക്കൽ കോർപറേഷൻ എമർജൻസി വിഭാഗം മെഡിക്കൽ റെസിഡന്റ് ഡോ. ഐഷ അലി അൽ സദ. ഉയർന്ന ശരീരതാപനില, വിയർപ്പ്, ദാഹം, വർധിച്ച ഹൃദയമിടിപ്പ്, തൊലിയുടെ ചുവപ്പ്, തലവേദന, തലകറക്കം, ഛർദി, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെന്ന് അവർ വ്യക്തമാക്കി.
കൂടുതൽ വെള്ളം കുടിച്ചും നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കിയും നേരിയ വസ്ത്രങ്ങൾ ധരിച്ചും ചൂടിനെ ചെറുക്കാൻ ശ്രമിക്കാവുന്നതാണ്. ചൂടിൽ തളർന്നു വീഴുന്നവരെ തണലിലേക്ക് മാറ്റിക്കിടത്തി പരിചരിക്കുക. വെള്ളം കുടിക്കുകയും തണുത്ത വെള്ളത്തിൽ മുഖം കഴുകി നൽകുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.