അൽ ജസീറ ചാനൽ; വിലക്ക് സ്ഥിരപ്പെടുത്താൻ ഇസ്രായേൽ
text_fieldsദോഹ: ഖത്തരി ടെലിവിഷൻ ചാനലായ അൽ ജസീറക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് സ്ഥിരപ്പെടുത്താൻ ഇസ്രായേൽ. ഇതുമായി ബന്ധപ്പെട്ട് ലിക്കുഡ് പാർട്ടി എം.പി ഏരിയൽ കൽനർ സമർപ്പിച്ച നിയമനിർദേശം ഇസ്രായേൽ പാർലമെന്റിൽ 36നെതിരെ 51 വോട്ടുകൾക്ക് പാസായി. ഒരു വിദേശ ചാനലിന്റെ സംപ്രേഷണം നിർത്തലാക്കാൻ കമ്യൂണിക്കേഷൻ മന്ത്രിക്ക് അധികാരം നൽകുന്നതാണ് നിയമഭേദഗതി. സർക്കാറിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയമഭേദഗതി പ്രാബല്യത്തിലാകും.
അൽ ജസീറയെ ഒഴിവാക്കുന്നതിനോട് സർക്കാറിനും ഇതിനോട് യോജിപ്പാണ് എന്നാണ് റിപ്പോർട്ട്. പുതിയ റിപ്പോർട്ടിനോട് അൽ ജസീറ അധികൃതർ പ്രതികരിച്ചിട്ടില്ല. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അൽ ജസീറ ചാനലിന് 45 ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് 45 ദിവസത്തേക്ക് കൂടി ഓരോ തവണയും നീട്ടാൻ അനുമതി നൽകുന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ.
യൂട്യൂബിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം വരുന്നത് തടയാൻ കൂടി ലക്ഷ്യമിട്ട് പഴുതടച്ച നിയമം വേണമെന്ന് പാർലമെന്റിലെ ചർച്ചയിൽ കമ്യൂണിക്കേഷൻസ് മന്ത്രി ശൊലോമോ കർഹി പറഞ്ഞു. ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധക്കുറ്റങ്ങൾ പുറത്തെത്തിച്ചതാണ് അൽ ജസീറ ചാനലിനോട് ഇസ്രായേൽ ഭരണകൂടത്തിന് വിരോധമുണ്ടാകാൻ കാരണം.
ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടുമായി ബന്ധപ്പെട്ട് ‘അവർ കുഴിച്ചിടാൻ ശ്രമിച്ച കുറ്റകൃത്യങ്ങൾ’ തലക്കെട്ടിൽ അൽ ജസീറ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ധീരവും ത്യാഗപൂർണവുമായ പ്രവർത്തനങ്ങളാണ് യുദ്ധമുഖത്തുനിന്ന് അൽ ജസീറ നടത്തുന്നത്. നിരവധി മാധ്യമപ്രവർത്തകർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അൽ ജസീറയുടെ ജീവനക്കാരും അവരുടെ കുടുംബങ്ങളും യുദ്ധത്തിലുടനീളം ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.