പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമുമായി അൽ ജസീറ
text_fieldsദോഹ: അന്തർദേശീയ മാധ്യമലോകത്ത് വാർത്തകളും വിശകലനങ്ങളുമായി വേറിട്ടവഴി തീർത്ത അൽ ജസീറ മീഡിയ നെറ്റ്വർക്കിൽനിന്നും പുതിയൊരു സംരംഭം കൂടി എത്തുന്നു. അൽ ജസീറ 360 എന്ന പേരിൽ ഖത്തർ ആസ്ഥാനമായ കമ്പനിയുടെ പ്രഥമ ഒ.ടി.ടി പ്ലാറ്റ്ഫോം ഞായറാഴ്ച പുറത്തിറങ്ങും.
വിപുലമായ പ്രോഗ്രാമുകൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറിയും ഡോക്യുമെന്ററികളുമായി ഏറ്റവും വലിയൊരു ഒ.ടി.ടി പ്ലാറ്റ്ഫോമായാണ് ‘അൽ ജസീറ 360’ കാഴ്ചക്കാരുടെ ഉള്ളംകൈയിലെത്തുന്നത്. 1996ൽ ചാനൽ ആരംഭിച്ച കാലം മുതലുള്ള വിഡിയോ ശേഖരവും ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രോഗ്രാമുകളും ഡോക്യുമെന്ററികളും ഉൾപ്പെടെ അരലക്ഷം മണിക്കൂറിലേറെ വിപുലമായ പ്രോഗ്രാം ലൈബ്രറിയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
അൽ ജസീറ അറബിക്, അൽ ജസീറ ഡോക്യുമെന്ററി ചാനൽ, എ.ജെ പ്ലസ് അറബിക്, അൽ ജസീറ ഒ2 പ്ലാറ്റ്ഫോം എന്നിവയിൽനിന്നുള്ള ശേഖരങ്ങളെല്ലാം 360 ഒ.ടി.ടിയിൽ ലഭ്യമാവും. അറബി ഭാഷയിലാണ് പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങൾ. സാംസ്കാരിക, വിനോദങ്ങളും മുതൽ മത വിഷയങ്ങളിലെ ചർച്ചകളും ഗവേഷണവും, വാർത്താധിഷ്ഠിത പരമ്പരകൾ, അന്വേഷണ റിപ്പോർട്ടുകൾ, സിനിമ തുടങ്ങിയവയും ഉൾക്കൊള്ളുന്നതായി അണിയറ ശിൽപികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
20ലേറെ പ്രോഗ്രാമുകൾ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എക്സ് ക്ലൂസീവായും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗസ്സയുദ്ധം ആരംഭിച്ചത് മുതൽ അൽ ജസീറ അറബിക് പ്രോഗ്രാമുകൾ അവസാനിപ്പിച്ചിരുന്നു.
ഇവ ഒ.ടി.ടിയിലൂടെ തിരികെയെത്തും. സമൂഹ മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളിലെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. വിവിധ ആപ് സ്റ്റോറുകളിൽ ലഭ്യമായി തടുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.