അൽ ഖുഫൂസ് സ്ട്രീറ്റ് തുറന്നു; ഗതാഗതം കൂടുതൽ സുഗമം
text_fieldsദോഹ: അൽ ഫുറൂസിയ സ്ട്രീറ്റിനെയും സബാഹ് അൽ അഹ്മദ് ഇടനാഴിയെയും ബന്ധിപ്പിക്കുന്ന 3.7 കിലോമീറ്റർ നീളമുള്ള അൽ ഖുഫൂസ് സ്ട്രീറ്റ് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു.അൽ മുറൈഖ്, അൽ മിഹൈരിജ, ലുഐബ് എന്നീ പ്രദേശങ്ങളിലെയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലേക്കും കായിക, വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിൽ പുതിയ പാത വലിയ പങ്ക് വഹിക്കും. ദോഹ എക്സ്പ്രസ് വേയിൽ നിന്നും സമാന്തരമായി അൽ വഅബ് സ്ട്രീറ്റ് ഉപയോഗിക്കാതെ മിഹൈരിജയിലേക്കും മുറൈഖിലേക്കും എത്തിച്ചേരാൻ അൽ ഖുഫൂസ് സ്ട്രീറ്റിലൂടെ സാധിക്കും. മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന അൽ ഖുഫൂസ് സ്ട്രീറ്റിൽ ഇരുവശത്തേക്കും മൂന്ന് പാതകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 10,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന പാത, യാത്രാ സമയം 60 ശതമാനം കുറക്കുകയും ചെയ്യും.
അൽ റയ്യാൻ, വെസ്റ്റ് ദോഹ എന്നിവിടങ്ങളിൽനിന്നും ഉം അൽ ജമാജിം, മിഹൈരിജ, ഉം അൽ തീൻ സ്ട്രീറ്റുകളിലൂടെ സബാഹ് അൽ അഹ്മദ് ഇടനാഴി, ദോഹ എക്സ്പ്രസ് വേയിലെ അൽ അമീർ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ അൽ സദ്ദിലേക്കുള്ള ഗതാഗതവും എളുപ്പമാക്കാൻ പുതിയ പാതയിലൂടെ സാധിക്കും.ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ആസ്പയർ സോൺ, വില്ലേജിയോ മാൾ, ഇക്വസ്ട്രിയൻ ക്ലബ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും അൽ ഖുഫൂസ് സ്ട്രീറ്റിലൂടെ സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.