അൽ മിഅ്റാദ്, മുഐദർ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsദോഹ: അൽ മിഅ്റാദിലെയും സൗത്ത് വെസ്റ്റ് മുഐദറിലെയും റോഡുകളും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുമുൾപ്പെടുന്ന പാക്കേജ് ആറ് പദ്ധതിയുടെ 60 ശതമാനം പൂർത്തിയായതായി പൊതു മരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
പദ്ധതി പ്രദേശങ്ങളിലെ റോഡുകളിൽ 55 ശതമാനം നിർമാണം പൂർത്തിയാക്കുകയും ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുകയും ചെയ്തു.തെക്കുപടിഞ്ഞാറൻ പ്രദേശങ്ങൾക്കുള്ള വികസന പദ്ധതിയുടെ ഭാഗമായാണ് അഞ്ച് പാക്കേജുകളുൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് അശ്ഗാൽ റോഡ്സ് പ്രോജക്ട് വിഭാഗം പശ്ചിമമേഖല മേധാവി എൻജി. ഫഹദ് മുഹമ്മദ് അൽ ഉതൈബി പറഞ്ഞു.
നിരവധി റെസിഡൻഷ്യൽ യൂനിറ്റുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ വാണിജ്യ സൗകര്യങ്ങൾ എന്നിവയെയും മറ്റു കേന്ദ്രങ്ങളെയും സേവിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനം കാരണം അശ്ഗാൽ നിലവിൽ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായാണ് ഇതിനെ കാണുന്നത്.
പ്രദേശത്തെ ജനസംഖ്യ വർധനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആഭ്യന്തര റോഡുകളുടെയും അടിസ്ഥാന സൗകര്യ ശൃംഖലകളുടെയും പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നുണ്ട്.പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് കുറക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പദ്ധതി ഏറെ പ്രയോജനം ചെയ്യും.
നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ ലഘൂകരിക്കുന്നതിനും ഓരോ ഘട്ടത്തിലെയും വികസന പ്രവൃത്തികളുടെ പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിനുമായി പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി നാല് ഘട്ടങ്ങളായി വിഭജിച്ചാണ് നടപ്പാക്കിയത്.
10,000 കാർ പാർക്കിങ്ങിനു പുറമേ, 1185 തെരുവ് വിളക്കുകൾ, ദിശാസൂചികകൾ, റോഡ് അടയാളങ്ങൾ എന്നിവ ഉൾപ്പെടെ ട്രാഫിക് സുരക്ഷ ഘടകങ്ങളുടെ ക്രമീകരണത്തോടൊപ്പം 30 കിലോമീറ്റർ ദൈർഘ്യമുള്ള സംയോജിത റോഡ് ശൃംഖലയാണ് പദ്ധതിയിലുൾപ്പെടുന്നത്. ആറ് കിലോമീറ്റർ ദൈർഘ്യത്തിൽ കാൽനട, സൈക്കിൾ യാത്രക്കാർക്കുള്ള പാതയും 37,455 ചതുരശ്രമീറ്റർ വിസ്തൃതിയിലെ ലാൻഡ്സ്കേപ്പിങ് ജോലികളും ഹരിത ഇടങ്ങളും പദ്ധതിയിലുൾപ്പെടുന്നു.
18 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല ശൃംഖല, 28 കിലോമീറ്റർ ഉപരിതല, ഭൂഗർഭജല ഡ്രെയിനേജ് ശൃംഖല, 14 കിലോമീറ്റർ ടി.എസ്.ഇ ശൃംഖല എന്നിവയുടെ നിർമാണം ഉൾപ്പെടുന്നു. പദ്ധതിയുടെ എല്ലാ പാക്കേജുകളും 2023ന്റെ നാലാം പാദത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.