അൽ നഥ്റ നക്ഷത്രമുദിച്ചു; ചൂട് കുറഞ്ഞു തുടങ്ങും
text_fieldsദോഹ: കടുത്ത ചൂടിൽനിന്നും കാലാവസ്ഥ മാറ്റത്തിന്റെ സൂചനയായി അൽ നഥ്റ എന്ന അൽ ഖിലൈബൈനിലെ നക്ഷത്രം ഉദിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനൽക്കാല നക്ഷത്രങ്ങളിൽ ആറാമത്തേതും ജംറത് അൽ ഖായിതിലെ അവസാനത്തേതുമായ നക്ഷത്രമാണ് അൽ കിലൈബെയ്ൻ. ഇക്കാലയളവിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുന്നതോടൊപ്പം കാറ്റിന്റെ ഗതി പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, അൽ കിലൈബെയ്നിന്റെ മധ്യത്തിൽ സുഹൈൽ നക്ഷത്രമുദിക്കുന്നതോടെ താപനില പതിയെ കുറയാനും അന്തരീക്ഷം തണുക്കാനും ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 13 ദിവസമാണ് അൽ നഥ്റ നക്ഷത്രം ആകാശത്ത് ദൃശ്യമാകുക.ആഗസ്റ്റ് 24ന് ഖത്തർ ആകാശത്ത് സുഹൈൽ നക്ഷത്രം ഉദിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
സുഹൈൽ നക്ഷത്രത്തിന്റെ ഉദയം ഗൾഫ് മേഖലയിലെ ജനങ്ങൾ വലിയ സന്തോഷത്തോടെയാണ് വരവേൽക്കുന്നത്. ചൂട് കാലാവസ്ഥയുടെ ക്രമേണയുള്ള മാറ്റത്തിന്റെ തുടക്കമായും ചുട്ടുപൊള്ളുന്ന കാറ്റിന്റെ അവസാനത്തെ സൂചകമായുമാണ് ആളുകൾ ഇതിനെ കാണുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസ് പറഞ്ഞു.
ഇതേ കാലയളവിൽ വൈകുന്നേരങ്ങളോടെ വെള്ളം തണുക്കാനും രാത്രിയുടെ ദൈർഘ്യം വർധിക്കാനും പകൽ സമയം കുറയാനും തുടങ്ങും. സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിൽ മഴക്കും സാധ്യതയുണ്ട്.
52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രം 13 ദിവസങ്ങളുള്ള നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും. അൽ തർഫ, അൽ ജബ്ഹ, അൽ സെബ്റ, അൽ സെർഫ എന്നിവയാണ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങൾ. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അൽ സെർഫയിലേക്ക് എത്തുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.