പുതുമോടിയിൽ അൽ റകിയാത് കോട്ട
text_fieldsഖത്തർ മ്യൂസിയം നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അൽ റകിയാത് കോട്ട
ദോഹ: ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പൗരാണിക കോട്ടയുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായി ഖത്തർ മ്യൂസിയം.
അൽ റകിയാത് കോട്ട എന്നറിയപ്പെടുന്ന കോട്ടയാണ് ഖത്തർ മ്യൂസിയത്തിന്റെ ആർക്കിടെക്ചറൽ കൺസെർവേഷൻ വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കിയത്.
1980കളിൽ നവീകരിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ കോട്ടകളിൽ പ്രധാനപ്പെട്ടതാണിത്. 17ാം നൂറ്റാണ്ടിനും 19ാം നൂറ്റാണ്ടിനും ഇടയിലാണ് കോട്ട സ്ഥാപിക്കപ്പെട്ടതെന്നാണ് ചരിത്രരേഖകൾ പറയുന്നത്.
ഖത്തറിന്റെ തനത് പാരമ്പര്യ വാസ്തുവിദ്യയാണ് അൽ റകിയാത് കോട്ടയുടെ പ്രധാന സവിശേഷത.
നമ്മുടെ ഭൂതകാലത്തെ, ഭാവി തലമുറകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ചരിത്രപ്രധാനമായ അൽ റകിയാത്ത് കോട്ടയെ പൂർവകാല പ്രതാപത്തിലേക്ക് എത്തിച്ചതെന്ന് ഖത്തർ മ്യൂസിയം സാംസ്കാരിക പൈതൃക സംരക്ഷണ വിഭാഗം മേധാവി ആദിൽ അബ്ദുല്ലതീഫ് അൽ മസ്ലമാനി പറയുന്നു.
ഖത്തറിന്റെ സമ്പന്നമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് കോട്ടയുടെ നിർമിതി.
പൂർവരൂപത്തിൽതന്നെ ലഭിക്കുന്നതിനായി വളരെ ശ്രദ്ധയോടെയാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തിയത്.
ഖത്തറിന്റെ തീരദേശ ഗ്രാമങ്ങളിലെ ജലസ്രോതസ്സുകൾക്ക് നമ്മുടെ പൂർവപിതാക്കന്മാർ ഈ കോട്ടയിൽ കാവൽ നിന്നിരുന്നതായും അൽ മസ്ലമാനി പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും പുനരുദ്ധാരണ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയാണ് കോട്ട പുനഃസ്ഥാപിച്ചത്.
മേഖലയിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൂർവികർ കോട്ട സ്ഥാപിച്ചത്. ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ദശലക്ഷം സഞ്ചാരികൾ രാജ്യത്തേക്ക് ഒഴുകുമ്പോൾ അവർക്കുമുമ്പാകെ ഖത്തറിന്റെ ചരിത്രവും സമ്പന്നമായ പാരമ്പര്യവുമെല്ലാം അടയാളപ്പെടുത്തുന്നതിൽ നിർണായകമാണ് ഈ കോട്ട.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.