അബ്ദുൽകരീം ഹസനെതിരെ അൽ സദ്ദ് ക്ലബ് നിയമനടപടിക്ക്
text_fieldsദോഹ: കുവൈത്ത് ലീഗിലെ അൽ ജഹ്റ ടീമിൽ ചേർന്ന തങ്ങളുടെ മുൻതാരം അബ്ദുൽകരീം ഹസനെതിരെ അൽ സദ്ദ് ക്ലബ് നിയമനടപടിക്കൊരുങ്ങുന്നു. സമൂഹ മാധ്യമങ്ങളിലൂടെ കാണികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ച ഹസനെ അൽ സദ്ദ് ടീമിൽനിന്ന് പുറത്താക്കിയിരുന്നു. ഖത്തറിലെ സ്റ്റാർ ഡിഫൻഡറായ ഹസനെ സംഭവത്തിനുപിന്നാലെ ഖത്തർ ഫുട്ബാൾ അസോസിയേഷൻ സസ്പെൻഡ് ചെയ്ത് പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. ഒപ്പം രണ്ടു ലക്ഷം റിയാൽ പിഴയും ചുമത്തി. ഇതിനുപിന്നാലെയാണ് താരം കുവൈത്ത് ലീഗിലേക്ക് ചേക്കേറിയത്.
എന്നാൽ, മതിയായ കാരണമൊന്നുമില്ലാതെ അബ്ദുൽകരീം ഹസൻ ഏകപക്ഷീയമായി തങ്ങളുമായുള്ള കരാർ അവസാനിപ്പിച്ചതാണെന്നാണ് അൽ സദ്ദിന്റെ ആരോപണം. ഹസനെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ അഭിഭാഷകർക്ക് നിർദേശം നൽകിയതായി അൽസദ്ദ് വെബ്സൈറ്റിൽ വ്യക്തമാക്കി. 2018ൽ വൻകരയിലെ മികച്ച താരത്തിനുള്ള ഏഷ്യൻ ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഹസൻ അൽ ജഹ്റയുമായി ഒരുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.