വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി അൽ വഅ്ബ് സ്ട്രീറ്റ് വീണ്ടും തുറന്നു
text_fieldsദോഹ: വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി അൽ വഅ്ബ് സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. അൽ വഅ്ബ്, അൽ അസീസിയ, മെഹൈരിജ, ലുഐബ്, മുറൈഖ്, മുഐദർ തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത നീക്കം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് 5.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് അൽ വഅ്ബ് സ്ട്രീറ്റിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ദോഹ എക്സ്പ്രസ് വേ, സബാഹ് അൽ അഹ്മദ് ഇടനാഴി, അൽ ഫുറൂസിയ, അൽ സൈലിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് ഉപയോക്താക്കൾക്ക് അൽ വഅ്ബ് സ്ട്രീറ്റ് സുപ്രധാന ലിങ്ക് റോഡായി മാറും. സൽവാ റോഡിനോട് സമാന്തരമായ റൂട്ടായും അൽ വഅ്ബ് സ്ട്രീറ്റ് പ്രവർത്തിക്കും.
സബാഹ് അൽ അഹ്മദ് ഇടനാഴിയെ അൽ ഫുറൂസിയ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പാതയിൽ ഇരു ദിശകളും മൂന്ന് പാതകളിൽനിന്നും നാല് പാതയായി വർധിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള പ്രാദേശിക റോഡുകളുടെ ഭാഗങ്ങളും പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിച്ചതോടൊപ്പം മെഹൈരിജ ഇൻറർസെക്ഷൻ, ഖലീഫ ഒളിംപിക് സിറ്റി ഇൻറർസെക്ഷൻ, സ്പോർട്സ് ഹാൾ ഇൻറർസെക്ഷൻ, ബഅ്യ ഇൻറർസെക്ഷൻ എന്നിവയും കൂടുതൽ വിപുലീകരിച്ചു. റോഡിെൻറ ശേഷി മണിക്കൂറിൽ 12000 വാഹനങ്ങളിൽ നിന്നും 16000 ആക്കി വർധിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ സമീപത്തെ പാർപ്പിട മേഖലകളിലേക്കും ഷോപ്പിങ് മാളുകളിലേക്കുമുള്ള പ്രവേശനവും റോഡ് വികസനത്തിലൂടെ സുഗമമാകും.
പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാത, 15 കിലോമീറ്റർ കാൽനടപ്പാത, 102000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ വിശാലമായ ഹരിത പ്രദേശം എന്നിവയും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. 150,000 മീറ്റർ മഴവെള്ളം ഒഴുകാനുള്ള ശൃംഖല, 2600 മീറ്റർ പോട്ടബിൾ വാട്ടർ നെറ്റ് വർക്ക്, 12 കിലോമീറ്റർ വൈദ്യുതി ശൃംഖല എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്ത് ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് അൽ വഅ്ബ് സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നിരവധി ഷോപ്പിങ് മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക-വ്യായാമ സൗകര്യങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആസ്പയർ സോൺ, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയെല്ലാം അൽ വഅ്ബ് സ്ട്രീറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.