ഫാൻ ഫെസ്റ്റിനായി അൽബിദ ഒരുങ്ങുന്നു
text_fieldsദോഹ: ലോകകപ്പ് ഗാലറിക്കുശേഷം, കളിയാരവങ്ങളുടെ കേന്ദ്രമായിമാറുന്ന അൽബിദ പാർക്ക് ഫിഫ ഫാൻ ഫെസ്റ്റിവലിനായി സർവസജ്ജമാവുന്നു. ഒരേസമയം 40,000 പേർക്ക് വരെ ഒന്നിച്ച് കളി കാണാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങളോടെയാണ് ഖത്തറിന്റെ ഹൃദയഭാഗത്തായി ബിദ്ദ പാർക്കിലെ ഫാൻ സോൺ ഒരുങ്ങുന്നത്. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാർക്കിന്റെ വാദി അൽ സൈൽ മേഖല താൽക്കാലികമായി അടച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ലോകകപ്പ് തുടങ്ങുന്നതുവരെയാണ് പ്രദേശത്തേക്ക് പ്രവേശനം ഒഴിവാക്കിയത്. നവംബർ 20ന് കിക്കോഫ് തുടങ്ങുന്നതോടെയാണ് ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ മേഖല തുറന്നുനൽകുന്നത്. നിരവധി ഫാൻ സോണുകളുണ്ടെങ്കിലും ഏക ഫിഫ ഫാൻ ഫെസ്റ്റിവൽ കേന്ദ്രം അൽ ബിദ പാർക്കായിരിക്കും.
ഡിസംബർ 18വരെ കൂറ്റൻ സ്ക്രീനിൽ എല്ലാ മത്സരങ്ങളുടെയും തത്സമയ പ്രദർശനത്തിനൊപ്പം ഇടവേളയിൽ സ്റ്റേജ് കലാ പരിപാടികൾ, മ്യൂസിക് ഷോ, സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ സ്റ്റാളുകൾ തുടങ്ങി ഉത്സവകാലത്തിനുകൂടിയാണ് ഫാൻ ഫെസ്റ്റിവൽ വേദിയാവുന്നത്. ഖത്തർ ലോകകപ്പിന്റെ ഏറ്റവും ആകർഷകമായ കേന്ദ്രമായി അൽ ബിദ പാർക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.