ഫിഫ അറബ് കപ്പ്: സെമിയിൽ ഖത്തറിന് അൽജീരിയ എതിരാളി
text_fieldsദോഹ: ഓരോ നിമിഷത്തിലും ആവേശം ഇളകി മറിഞ്ഞ പോരാട്ടം. ഇഞ്ചോടിഞ്ച് ബലപരീക്ഷണത്തിലും പിന്നോട്ടില്ലാതെ അൽജീരിയയും മൊറോക്കോയും. ഫുൾടൈമും എക്സ്ട്രാ ടൈമും പിന്നിട്ടിട്ടും മുറിയാത്ത ടൈ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൻെറ ഭാഗ്യ പരീക്ഷണത്തിൽ നിർണയിക്കപ്പെട്ടു.
വീറുറ്റ അങ്കത്തിൽ മൊറോക്കോയെ ഷൂട്ടൗട്ടിൽ 5-3ന് വീഴ്ത്തി അൽജീരിയ ഫിഫ അറബ് കപ്പ് സെമിയിൽ. നിശ്ചിത സമയത്ത് ഇരുവരും 1-1നും, അധിക സമയം പൂർത്തിയായപ്പോൾ 2-2ഉം ആയിരുന്നു സ്കോർ. ഗാലറിയിൽ ഇരമ്പിയാർത്ത ആരാധകരുടെ ആവേശം അതേപടി കളത്തിലും പകർന്നാടിയാണ് ഇരുസംഘവും ടൂർണമെൻറിലെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടം കാഴ്ചവെച്ചത്.
സെമിയിൽ ആതിഥേയരായ ഖത്തറും അൽജീരിയയും തമ്മിലാവും പോരാട്ടം. 15ന് രാത്രി 10ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. ഇതേദിനം റാസ്അബൂ അബൂദിൽ നടക്കുന്ന മറ്റൊരു സെമിയിൽ തുണീഷ്യയും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടും. േപ്ല ടൈമിൽ അൽജീരിയക്കു വേണ്ടി യാസിൻ ബ്രാഹിമിയും (62ാം മിനിറ്റ്), യൂസുഫ് ബിലൈലിയും (102) ആണ് സ്കോർ ചെയ്തത്. മൊറോക്കോക്കായി മുഹമ്മദ് നാഹിരി (63), ബദ്ർ ബിനൗൻ (111) എന്നിവർ സ്കോർ ചെയ്തു.
ടൂർണമെൻറിൽ എല്ലാ കളിയും ജയിച്ച്, ഒരു ഗോൾ പോലും വഴങ്ങാതെ ക്വാർട്ടറിലെത്തിയ മൊറോക്കോയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.