മരുഭൂവത്കരണത്തിനെതിരായ പാഠങ്ങളുമായി അൽജീരിയൻ പവലിയൻ
text_fieldsദോഹ: അറബും യൂറോപ്യൻ സംസ്കാരവുമെല്ലാം ചേർന്ന് സമ്പന്നമാണ് അൽജീരിയ. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ സാംസ്കാരിക സ്വാധീനമുള്ള മണ്ണിന്റെ പരിസ്ഥിതി, കാർഷിക വിശേഷങ്ങളുമായാണ് ദോഹ എക്സ്പോയിലെ പവലിയൻ ഒരുക്കിയത്.
മരുഭൂവത്കരണത്തിനെതിരെ അരനൂറ്റാണ്ട് മുമ്പ് ആരംഭിച്ച പോരാട്ടത്തിന്റെ പ്രദർശനം കൂടിയാണിവിടം. എക്സ്പോ തുടങ്ങി രണ്ടുമാസം പിന്നിട്ടതിന് പിന്നാലെ കഴിഞ്ഞയാഴ്ചയായിരുന്നു വേദിയിലെ അൽജീരിയൻ പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. സമ്പന്നമായ പൈതൃകവും സാംസ്കാരിക ചരിത്രവും ആചാരങ്ങളും പാരമ്പര്യങ്ങളുമായി അവതരിപ്പിക്കുന്നതാണ് പവലിയൻ.
ഖത്തറിലെ അൾജീരിയൻ അംബാസഡർ സലാഹ് അതിയ്യ, എക്സ്പോ കമീഷണർ ജനറൽ അംബാസഡർ ബദർ ബിൻ ഒമർ അൽ ദഫാ, എക്സ്പോ കമീഷണർ ജനറൽ മുഹമ്മദ് അലി അൽഖോരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പവലിയൻ ഉദ്ഘാടനം ചെയ്തത്.
ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, അൽജീരിയൻ കമ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അൾജീരിയയുടെ വാഗ്ദാനമായ സുസ്ഥിര ഭാവിയെക്കുറിച്ച് സന്ദർശകർക്ക് വിവരിച്ചു നൽകുകയും കൃഷിയുടെ രീതികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന പവലിയനിൽ ഏറെ പുതുമനിറഞ്ഞ ഭാവി പദ്ധതികളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആഗോള പ്രദർശനം സംഘടിപ്പിക്കുന്നതിൽ ഖത്തർ വിജയം വരിച്ചതായി അൽജീരിയൻ അംബാസഡർ സലാഹ് അതിയ്യ പറഞ്ഞു. മരുഭൂവത്കരണത്തെ ചെറുക്കുന്നതിലെ വെല്ലുവിളികൾ തരണം ചെയ്ത അൽജീരിയൻ വിജയഗാഥയാണ് പവലിയൻ പറയുന്നതെന്ന് പവലിയൻ ചുമതലയുള്ള മുക്താർ അത്താർ പറഞ്ഞു.
മരുഭൂമിയിലെ കൃഷിയിൽ രാജ്യം ഉപയോഗിച്ചിട്ടുള്ള മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യകൾ പവലിയൻ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. 50 വർഷം മുമ്പാണ് മരുഭൂവത്കരണത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടം ആരംഭിച്ചതെന്നും അത്താർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.