ആ പിതാവിന്റെ ശബ്ദം വരികളായി; സൈനിലൂടെ ലോകവും കേട്ടു
text_fieldsദോഹ: അധിനിവേശ സേനയുടെ ബോംബർ വിമാനത്തിൽനിന്നും തൊടുത്തുവിട്ട മിസൈൽ മരണമായെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മകന്റെ ഫോണിലേക്ക് ആ പിതാവ് അയച്ച ശബ്ദശകലങ്ങൾ ഒരു കവിതയായി പിറന്നു. ഇസ്രായേലിന്റെ കിരാത ആക്രമണങ്ങളിൽ ഉറ്റവരും ഉടയവരും സ്വത്തും നാടും എല്ലാം നഷ്ടമായവരുടെ വേദനകളും നാളെ ഒരുനാൾ വന്നെത്തുന്ന വിജയത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവുമെല്ലാമായിരുന്നു ആ വരികളിൽ. മകൻ ഒരു ഗായകനായി വളരുന്നത് സ്വപ്നംകണ്ട പിതാവ്, പക്ഷേ ആ ശബ്ദശകലങ്ങൾ അയച്ചതിനു പിറകെ ഗസ്സയിലെ യുദ്ധഭൂമിയിൽ രക്തസാക്ഷിയായി...
2023 ഡിസംബർ 15ന് ഖാൻ യൂനിസിലെ യു.എൻ അഭയാർഥിക്യാമ്പിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട അൽജസീറ മാധ്യമ പ്രവർത്തകൻ സാമിർ അബു ദഖയും ഗായകനായ സൈൻ അബു ദഖയുമാണ് ഈ പിതാവും മകനും. അൽജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന് പരിക്കേൽക്കുക കൂടി ചെയ്ത ആ ആക്രമണം നടന്ന് ഒരു വർഷത്തിനിപ്പുറം ദോഹയിൽ ഏറെ ശ്രദ്ധേയമായൊരു ഒത്തുചേരൽ നടന്നു. സാമിർ അബു ദഖയുടെ രക്തസാക്ഷ്യത്തിന്റെ ആദ്യ വാർഷികത്തിൽ ആ പിതാവ് സ്വപ്നംകണ്ട ഉയരങ്ങളിലേക്ക് മകൻ എന്ന ഗായകന്റെ വളർച്ചയിലെ നിർണായക നിമിഷം. ഖത്തർ നാഷനൽ മ്യൂസിയമായിരുന്നു വേദി. വാഈ ദഹ്ദൂഹ് ഉൾപ്പെടെ മാധ്യമപ്രവർത്തകരും ഫലസ്തീനി ചലച്ചിത്രകാരന്മാരും ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറും അണിനിരന്ന പ്രൗഢഗംഭീര വേദിയിൽ സൈൻ അബൂ ദഖയുടെ ‘ബൈത് വ ഷാരിഅ്’ എന്ന ഗാനം പിറന്നു.
മരണമെത്തുന്നതിനും മണിക്കൂർ മുമ്പ് പിതാവ് ശബ്ദങ്ങളായി മകന് അയച്ച സന്ദേശങ്ങൾക്ക് കവി ജമാൽ മാജിദ് കവിത്വം തുളുമ്പുന്ന വരികളും റസാഖ് അൽ ജൗജു ഈണവും നൽകി. പിതാവിന്റെ സ്വപ്നം പോലെ സൈൻ അത് മനോഹര ശബ്ദത്തിൽ ആലപിച്ചപ്പോൾ നീതിയും ജീവിതവും നിഷേധിക്കപ്പെട്ട ഫലസ്തീനിലെ ജനങ്ങൾക്കും യുദ്ധഭൂമിയിൽനിന്നും ജീവൻ കൊടുത്തും സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവർത്തകർക്കുമുള്ള ആദരവായി മാറി. കതാറ സ്റ്റുഡിയോസ് ആണ് ‘ബൈത് വ ഷാരിഅ്’ നിർമാണം പൂർത്തിയാക്കിയത്. നാല് മിനിറ്റുള്ള ഗാനം യൂട്യൂബിൽ പ്രസിദ്ധീകരിച്ച് ആദ്യദിനത്തിൽ തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
‘ഞങ്ങളുടെ കണ്ണുനീർ വറ്റി, സങ്കടം മാത്രം ബാക്കിയാകുന്നു..
ഓരോ വീടും തെരുവും ദുഃഖത്താൽ വേട്ടയാടപ്പെടുന്നു...’ എന്നു തുടങ്ങുന്ന വരികളോടെ യുദ്ധം എല്ലാം നഷ്ടപ്പെടുത്തിയ ഗസ്സയുടെ വേദനയാണ് ഗാനത്തിൽ പങ്കുവെക്കുന്നത്.
‘ഞങ്ങൾ കളിച്ചും സന്തോഷിച്ചും വളർന്ന സ്ഥലത്ത് ആ വീടില്ല..
ഞങ്ങളെല്ലാം ഇപ്പോൾ ടെന്റുകളിലാണ്...
നാളെ ഈ മണ്ണ് കൂടുതൽ മനോഹരമാവുമെന്ന ഉറപ്പുണ്ട്.
ദൈവം ഞങ്ങളുടെ മനസ്സിനെ സന്തോഷംകൊണ്ട് സമ്പന്നമാക്കും’ എന്ന ശുഭപ്രതീക്ഷയോടെ അവസാനിക്കുന്ന ബൈത് വ ഷെഅറിൽ യുദ്ധം തകർത്ത ഗസ്സയുടെ ദൃശ്യങ്ങളും സധൈര്യം ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുമെല്ലാം നിറയുന്നു.
ഗസ്സയിലെ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയത് കൊണ്ട് സത്യത്തെ കൊന്നു തീർക്കാനാവില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു. ‘സത്യവും നീതീയും കാലത്തെയും കടന്ന് അതിജീവിക്കും. അധിനിവേശം ഒരുനാൾ അവസാനിക്കും. സത്യവും ഫലസ്തീനും അപ്പോഴും നിലനിൽക്കും’ -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.