ആരോപണങ്ങളെല്ലാം മുഖ്യമന്ത്രിയെന്ന ഒറ്റ ബിന്ദുവിലേക്ക് -പി.എം.എ സലാം
text_fieldsദോഹ: കേരളത്തിലെ ഇടതു സർക്കാറിനു കീഴിൽ നടക്കുന്ന മുഴുവൻ അഴിമതികളും മുഖ്യമന്ത്രിയെന്ന ഒറ്റ ബിന്ദുവിലാണ് കേന്ദ്രീകരിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ദോഹയിൽ പറഞ്ഞു.
കെ.എം.സി.സി തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയപ്പോഴാണ് സംസ്ഥാന രാഷ്ട്രീയത്തിലെ വിവിധ അഴിമതികളുമായി ബന്ധപ്പെട്ട് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാറിനുമെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
‘തുടർഭരണം ലഭിച്ചതു മുതൽ അഴിമതി ആരോപണങ്ങളിൽ മുങ്ങിത്താഴുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. എല്ലാ വകുപ്പുകളിലെയും അഴിമതിയാരോപണങ്ങൾ ചെന്നെത്തുന്നത് ഒരേ കേന്ദ്രത്തിലേക്കാണ്. ഏതു വിഷയത്തിൽ കൈവെച്ചാലും വിവാദമാവുകയാണ്. വിശ്വസനീയമായ ഒരു പ്രവർത്തനവും ഇടതുപക്ഷ സർക്കാറിൽനിന്നുണ്ടാവുന്നില്ല.
തുടർഭരണം ലഭിച്ചതോടെ ജനങ്ങളെ കണക്കിലെടുക്കേണ്ടതില്ല എന്ന ധാരണയിലാണ് സർക്കാർ. സ്പ്രിംഗ്ളർ, കെ. റയിൽ, കെ. ഫോൺ, ലൈഫ് മിഷൻ, ഇപ്പോൾ എ.ഐ കാമറ വരെ എത്തിനിൽക്കുന്നു അഴിമതി ആരോപണം. ആയിരക്കണക്കിന് കോടി രൂപയുടെ വെട്ടിപ്പാണ് സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒരു പദ്ധതിയിലും സുതാര്യതയില്ല എന്നതാണ് വാസ്തവം.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന സർക്കാർ തന്നെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അഴിമതിക്കും നികുതി വർധന അടക്കമുള്ള ജനദ്രോഹ നടപടികൾക്കും എതിരായ ശക്തമായ താക്കീതാകും മേയ് 20ന് നടക്കുന്ന യു.ഡി.എഫ് പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തെരഞ്ഞെടുപ്പുകാലത്ത് പ്രയോഗിച്ച സാമുദായിക ധ്രുവീകരണ രാഷ്ട്രീയതന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പയറ്റുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ ‘അമീർ, ഹസൻ, കുഞ്ഞാലിക്കുട്ടി ഭരണമാണ് കേരളത്തിൽ നടക്കുകയെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു സി.പി.എം സെക്രട്ടറി മാധ്യമങ്ങൾക്കു മുമ്പാകെ പറഞ്ഞത്.
സമൂഹത്തിൽ സ്പർധയും വിദ്വേഷവും സാമുദായിക ധ്രുവീകരണവും സൃഷ്ടിച്ച് വോട്ടുപിടിക്കാനുള്ള ഇടതുപക്ഷ തന്ത്രമായിരുന്നു അത്. അതുതന്നെയാണ് ഇപ്പോൾ ബി.ജെ.പി പയറ്റുന്നതും. ഉത്തരേന്ത്യൻ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വേട്ടക്കു നേതൃത്വം നൽകുമ്പോൾ കേരളത്തിൽ യു.ഡി.എഫ് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ബി.ജെ.പി പുതിയ കാർഡിറക്കുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്നേഹവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ ഏതാനും വോട്ടുകൾക്കുവേണ്ടി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന നീക്കം കേരളം തള്ളിക്കളയും -പി.എം.എ സലാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.