ലോകകപ്പിനു മുമ്പ് മുഴുവൻ നിർമാണപ്രവൃത്തികളും പൂർത്തിയാക്കും -നാസർ അൽ ഖാതിർ
text_fieldsദോഹ: ലോകകപ്പിനു മുമ്പായി മുഴുവൻ നിർമാണപ്രവൃത്തികളും പൂർത്തിയാകുമെന്ന് ഖത്തർ ലോകകപ്പ് 2022 സി.ഇ.ഒ നാസർ അൽ ഖാതിർ. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളുടെ പ്രതിനിധികളുമൊത്ത് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂർണമെൻറിന്‍റെ മുമ്പുതന്നെ നിർമാണപ്രവർത്തനങ്ങളുടെ മിനുക്കുപണികൾ അവസാനിക്കുമെന്നും നാസർ അൽ ഖാതിർ വ്യക്തമാക്കി.
എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നും ഏറ്റവും മികച്ച ലോകകപ്പ് ടൂർണമെന്‍റിനായിരിക്കും ഖത്തർ വേദിയാകുകയെന്നും ഉദ്ഘാടനത്തിന് 140 ദിവസത്തിൽ താഴെ ദിവസം മാത്രം ശേഷിക്കെ അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഫുട്ബാൾ ഗവേണിങ് ബോഡി മേധാവി ജിയാനി ഇൻഫാൻറിനോ വിഡിയോ കോൺഫറൻസ് വഴി സെമിനാറിനെ അഭിസംബോധന ചെയ്തു.
ലോകകപ്പുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ്, സെക്യൂരിറ്റി, പ്ലെയിങ് കണ്ടീഷൻസ്, റഫറീയിങ് എന്നിവ സംബന്ധിച്ച് ടീം പ്രതിനിധികൾക്ക് സെമിനാറിൽ പൂർണ വിവരങ്ങൾ ലഭ്യമാക്കി. സ്റ്റേഡിയങ്ങളുടെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും ഹോട്ടലുകളും പരിശീലന ഗ്രൗണ്ടുകളും സന്ദർശിക്കുന്നതിനും ടീം ഒഫീഷ്യൽസിനുള്ള സുവർണാവസരവും സെമിനാറിലൂടെ ലഭിക്കും.
ഇതിനകംതന്നെ ലോകകപ്പിനെത്തുന്ന പല രാജ്യങ്ങളും തങ്ങളുടെ ബേസ് ക്യാമ്പ് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഖത്തർ ലോകകപ്പിൽ കളിക്കളത്തിൽ ഇതാദ്യമായി സെമി ഓട്ടോമാറ്റിക് ഓഫ്സൈഡ് സംവിധാനം ഉപയോഗിക്കുമെന്ന് കഴിഞ്ഞയാഴ്ച ഫിഫ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.