കടൽക്കരുത്തായി അൽസുബാറ
text_fieldsദോഹ: കടലിൽ അമിരി നാവിക സേനയുടെ കരുത്തായി മാറുന്ന അൽ സുബാറ, മുശൈരിബ് കപ്പലുകൾ ഖത്തറിന്റെ തീരമണഞ്ഞു. ഉം അൽ ഹൗൽ നാവൽ ബേസിൽ നടന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാക്ഷിയാക്കിയായിരുന്നു ഖത്തറിന്റെ പ്രതിരോധ ശ്രേണിയിലെ പുത്തൻ കരുത്തായി മാറുന്ന പടക്കപ്പലുകൾ എത്തിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ സാലിം ബിൻ ഹമദ് ബിൻ അഖീൽ അൽ നാബിത്, അമിരി നാവിക സേനാ കമാൻഡർ മേജർ ജന. അബ്ദുല്ല ബിൻ ഹസൻ അൽ സുലൈതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയഗാനാലാപനവും ഖുർആൻ പാരായണവുമായി ആരംഭിച്ച ചടങ്ങിൽ കപ്പലിന്റെ നിർമാണവും സൈനികർക്കുള്ള പരിശീലനവും വിശദമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. അൽസുബാറ കപ്പൽ സന്ദർശിച്ച അമീറിന് കൺട്രോൾ റൂം പ്രവർത്തനങ്ങളും ഓപറേഷൻ സിസ്റ്റവും ഉൾപ്പെടെ മുഴുവൻ സംവിധാനങ്ങളെ കുറിച്ചു സേനാ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഖത്തറിന്റെ സമുദ്രാതിർത്തി സംരക്ഷണവും നിരീക്ഷണവുംഉൾപ്പെടെയുള്ള ദൗത്യങ്ങളുടെ ഭാഗമായാണ് മുശൈരിബ് അമീരി നാവികസേനയുടെ ഭാഗമാവുന്നത്.
2017 ആഗസ്റ്റിലാണ് ഇറ്റാലിയൻ കമ്പനിയുമായി നാല് അൽസുബാറ പടക്കപ്പലുകളുടെ നിർമാണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്. സമുദ്ര നിരീക്ഷണം, രക്ഷാപ്രവർത്തനം, യുദ്ധദൗത്യം എന്നിവക്കായി ഉപയോഗപ്പെടുത്തുന്നതാണ് അൽസുബാറ ക്ലാസുകൾ. ഇതിൽ ആദ്യത്തേത് 2020 സെപ്റ്റംബറിൽ പുറത്തിറക്കിയിരുന്നു. രണ്ടാമത്തേത് 2021ഫെബ്രുവരിയിലും പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.