പച്ചപ്പണിഞ്ഞ് അൽതമീദ് പാർക്ക്; ഉടൻ തുറന്നുനൽകും
text_fieldsദോഹ: വിനോദത്തിനും വ്യായാമത്തിനും വിശ്രമത്തിനുമായി അൽതമീദിലെ അൽ ഫുർജാൻ പാർക്ക് പ്രദേശവാസികൾക്കായി ഉടൻ തുറന്നുകൊടുക്കുമെന്ന് പ്രാദേശിക പത്രമായ ‘അൽ റായ’ റിപ്പോർട്ട് ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. സ്ട്രീറ്റ് 1406ൽ 15,750 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പാർക്കിന്റെ 80 ശതമാനവും ഹരിതാഭ മേഖലയാണ്. 150ഓളം മരങ്ങൾ നട്ടുപിടിപ്പിക്കുകയും മനോഹരമായ നടപ്പാതയും സൈക്കിൾപാതയും പാർക്കിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്കായി നാല് ഇടങ്ങൾ ഉൾപ്പെടെ 50 കാർ പാർക്കിങ് സ്ലോട്ടുകളും പാർക്കിന് സമീപത്തായി നിർമിച്ചിട്ടുണ്ട്.
മനോഹരമായ വിളക്കുമരങ്ങളും സന്ദർശകർക്ക് ഇരിപ്പിടങ്ങളുമുള്ള പാർക്കിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകളും സ്ഥാപിച്ചു. കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലങ്ങളും ഫിറ്റ്നസ് ഉപകരണങ്ങളും പാർക്കിലുൾപ്പെടും. ഭിന്നശേഷിസൗഹൃദ പ്രവേശന കവാടവും നടപ്പാതയും പ്രത്യേകം നിർമിച്ചിട്ടുമുണ്ട്.
അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ, ജലസേചന സൗകര്യങ്ങൾ, വൈദ്യുതി വിതരണം, മലിനജലവും മഴവെള്ളവും ഒഴുകുന്നതിനുള്ള സൗകര്യം, വിശ്രമമുറികൾ എന്നിവയുൾപ്പെടുന്നതാണ് അൽ തമീദ് പാർക്ക് പദ്ധതി.
താപനിലയും കാർബൺ പുറന്തള്ളലും കുറക്കുന്നതിനായി മരങ്ങൾ നട്ടുപിടിപ്പിച്ച പാർക്കിലെ വിശാലമായ പച്ചപ്പുൽത്തകിടികൾ പ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും സന്ദർശകർക്ക് പ്രകൃതിയുമായി ഇടപഴകാനും പ്രകൃതിയെ ആസ്വദിക്കാനും പുതിയ പാർക്ക് അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.