ഇതാ, അമാ ദബ്ലാം കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരി
text_fieldsദോഹ: ഹിമാലത്തിെൻറ മാറ്റർഹോൺ എന്നറിയപ്പെടുന്ന അമാ ദബ്ലാം കൊടുമുടി കീഴടക്കി ഖത്തരി പർവതാരോഹകനായ ശൈഖ് മുഹമ്മദ് ആൽഥാനി ചരിത്രത്തിലിടം പിടിച്ചു. അമാ ദബ്ലാമിെൻറ ഉച്ചിയിലെത്തുന്ന ആദ്യ ഖത്തരി പൗരനെന്ന ഖ്യാതിയാണ് മോയ് ആൽഥാനി എന്ന വിളിപ്പേരിലറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ആൽഥാനി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ നവംബർ 11നാണ് പർവതത്തിെൻറ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് അദ്ദേഹം കാലുകുത്തിയത്. എവറസ്റ്റ് കൊടുമുടിയെക്കാൾ പ്രയാസമേറിയതാണ് അമാ ദബ്ലാമെന്ന് 6812 മീറ്റർ ഉയരമുള്ള പർവതംകീഴടക്കിയ ശേഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
11 മണിക്കൂർ തുടർച്ചയായ ശ്രമത്തിലൂടെയാണ് നെറുകയിലെത്തിയത്. എല്ലാവരുടെയും പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം എഴുതി.ഖത്തരി ഉദാരമതിയും സംരംഭകനും അതിലുപരി മികച്ച പർവതാരോഹകനും കായികതാരവുമാണ് മോയ് അൽഥാനി. എവറസ്റ്റ് കൊടുമുടിയുൾപ്പെടെ ഏഴ് കൊടുമുടികൾ കീഴടക്കിയ പ്രഥമ ഖത്തരിയാണ്. ഏഴ് കൊടുമുടികളും ദക്ഷിണ, ഉത്തര ധ്രുവങ്ങളും കൂടി കീഴടക്കി എക്സ്പ്ലോർസ് ഗ്രാൻഡ് സ്ലാം എന്ന പദവിയിലേക്കുള്ള തയാറെടുപ്പിലാണ് ശൈഖ് ആൽഥാനി ഇപ്പോൾ. ഗ്രാൻഡ് സ്ലാം പദവിയിലേക്കുള്ള അവസാന ലാപ്പിലാണ് ഇപ്പോൾ അദ്ദേഹം. ഇതു നേടുന്നതോടെ ചരിത്രത്തിലെ 50ാമത്തെ വ്യക്തിയും ആദ്യ ഖത്തരിയുമായി അദ്ദേഹം മാറും.
കോവിഡ്-19നെ തുടർന്നുണ്ടായ എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്താണ് അമ ദബ്ലാം കീഴടക്കിയതെന്നത് നേട്ടത്തിനു കൂടുതൽ നിറം പകരുന്നുണ്ട്. ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ കൊടുമുടികളിലൊന്നായാണ് അമ ദബ്ലാം അറിയപ്പെടുന്നത്. കിഴക്കൻ നേപ്പാളിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമ ദബ്ലാം പ്രശസ്തമായ പര്യവേക്ഷണപാത കൂടിയാണ്. കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും ഇവിടെനിന്നുള്ള കാഴ്ചകൾ ഏറെ മനോഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.