ഇന്ത്യയുടെ സ്നേഹവും സമ്മാനവുമായി അംബാസഡർ അഫ്ഗാൻ ക്യാമ്പിൽ
text_fieldsദോഹ: പിറന്നമണ്ണിൽ ജീവിതം ദുഷ്കരമായപ്പോൾ രാജ്യം വിട്ട് ഓടിപ്പോവാൻ വിധിക്കപ്പെട്ട്, ഖത്തറിൽ അഭയം തേടിയ അഫ്ഗാൻ പൗരന്മാരെ കാണാൻ ഇന്ത്യൻ അംബാസഡറെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ഇന്ത്യയുടെ സ്നേഹവും പിന്തുണയും അറിയിക്കാനായി സമ്മാനപ്പൊതികളുമായി അംബാസഡർ ഡോ. ദീപക് മിത്തലും ഭാര്യ അൽപ്ന മിത്തലും ഖത്തർ സർക്കാർ ഒരുക്കിയ ക്യാമ്പിലെത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറിെൻറ നേതൃത്വത്തില്‍ അംബാസഡറെയും സംഘത്തെയും സ്വീകരിച്ചു. അഭയാർഥി ക്യാമ്പില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും കണ്ട ഇന്ത്യൻ നയതന്ത്ര പ്രതിനിധി അവരുമായി കുശലാന്വേഷണങ്ങൾ നടത്തി. ഇന്ത്യയുടെ സ്നേഹവായ്പുകളും പിന്തുണയും കൈമാറി. ക്രിക്കറ്റ് കളിയില്‍ തല്‍പരരായ യുവാക്കള്‍ക്ക് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ചു.
മുതിര്‍ന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ തരക്കാര്‍ക്കും വെവ്വേറെ തന്നെ വസ്ത്രങ്ങള്‍ സമ്മാനിച്ചു. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിെൻറ ഉപഹാരമെന്ന നിലക്ക് ഐ.സി.ബി.എഫാണ് വസ്ത്രങ്ങള്‍ നൽകിയത്. കുട്ടികളുമായി അംബാസഡര്‍ സംവദിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറുമായും അംബാസഡര്‍ സംസാരിച്ചു. ഇന്ത്യന്‍ പൗരന്മാർ ഉൾപ്പെടെ പതിനായിരക്കണക്കിനാളുകളെ അഫ്ഗാനില്‍നിന്ന് യഥാസമയം ഒഴിപ്പിക്കാന്‍ ഖത്തര്‍ നടത്തിയ പ്രയത്നങ്ങള്‍ക്ക് അംബാസഡര്‍ നന്ദിയര്‍പ്പിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ധന്‍രാജ് സേവ്യര്‍, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന് തുടങ്ങിയവരും അംബാസഡര്‍ക്കൊപ്പമുണ്ടായിരുന്നു. ആഗസ്റ്റ് 15ന് താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെയാണ് അഫ്ഗാനിൽനിന്നും വിദേശികളും സ്വദേശികളും രാജ്യം വിടാൻ ആരംഭിച്ചത്.
അമേരിക്കൻ, നാറ്റോ സേനകൾക്കൊപ്പം ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ ഖത്തറും നേതൃപരമായ പങ്കുവഹിച്ചു. ഖത്തർ അമിരി എയർഫോഴ്സിൻെറ വിമാനങ്ങളിലായിരുന്നു കൂടുതൽ പേരെയും രാജ്യത്തിന് പുറത്തെത്തിച്ചത്. അമേരിക്ക, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി അഫ്ഗാന് പുറത്തെത്തിക്കാൻകഴിഞ്ഞു. 60,000ത്തോളം പേരാണ് ഇതിനകം ഖത്തർ വഴി വിവിധ രാജ്യങ്ങളിലെത്തിയത്. 20,000ത്തോളം പേർ ഇപ്പോഴും ഖത്തറിലുണ്ട്. ലോകകപ്പിന് സന്ദർശകരെ വരവേൽക്കാനായി ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങൾ അത്യാധുനിക സജ്ജീകരണങ്ങളോടെ താമസത്തിന് വിട്ടു നൽകിയാണ് ഖത്തർ അഫ്ഗാനി പൗരന്മാരെ വരവേറ്റത്. രാജ്യം സന്ദർശിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഉൾപ്പെടെ വിവിധ ലോകനേതാക്കളുമായി ഇതിനകംതന്നെ ക്യാമ്പ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.