ഐ.സി.സിയിൽ നടന്ന ആഘോഷ പരിപാടിയിൽ അംബാസഡർ വിപുൽ പതാക ഉയർത്തി
text_fieldsദോഹ: ‘ജന ഗണ മന...’ എന്നു തുടങ്ങി ദേശീയ ഗാനവും ഒപ്പം, ത്രിവർണ പതാകയും വാനിലേക്കുയർന്ന പുലരിയോടെ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ ഇന്ത്യൻ എംബസി നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനൊപ്പം ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ, സാമൂഹിക സംഘടനകൾ, കൂട്ടായ്മകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ത്രിവർണപതാക കൊണ്ട് അലങ്കരിക്കപ്പെട്ട ഐ.സി.സിയുടെ മുറ്റവും അശോക ഹാളും തന്നെയായിരുന്നു എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷ വേദി.
അതിരാവിലെ തന്നെ തുടങ്ങിയ കനത്ത ചൂടിനെയും വകവെക്കാതെ നൂറുകണക്കിന് പ്രവാസികൾ ദേശഭക്തിയോടെ അണിനിരന്നപ്പോൾ, രാവിലെ ഏഴിന് ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി പ്രവാസ മണ്ണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ‘ജയ് ഹിന്ദ്... വിളികളുമായാണ് പ്രവാസികൾ സ്വഗതം ചെയ്തത്. തുടർന്ന്, ഐ.സി.സി അശോക ഹാളിൽ മഹത്മാ ഗാന്ധി ചിത്രത്തിൽ ഇന്ത്യൻ സ്ഥാനപതി പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. തുടർന്ന് അംബാസഡർ വിപുൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം ഹിന്ദിയിലും ഇംഗ്ലീഷിലുമായി വായിച്ചു. തുടർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ രാഷ്ട്ര നേതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് അംബാസഡർ സംസാരിച്ചു.
വിവിധ മേഖലകളിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സേവനങ്ങളെ പരമർശിച്ചുകൊണ്ടായിരുന്നു സംസാരം. ഖത്തറിന്റെയും ഇന്ത്യയുടെയും വളർച്ചയിൽ നിർണായക പിന്തുണ നൽകുന്നവരാണ് പ്രവാസി സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര, സാങ്കേതിക, കാർഷിക, വാണിജ്യ, മാനവവിഭവശേഷി മേഖലകളിലെ ഇന്ത്യയുടെ വളർച്ചയും സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ചടങ്ങിൽ അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ജാഫർ സാദിഖ്, നിഹാദ് അലി എന്നിവർ അംബാസഡറെ ആദരിച്ചു. തുടർന്ന് ഐ.സി.സി, സ്കിൽസ് ഡെവലപ്മെന്റ് സെന്റർ എന്നിവടങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ നൃത്ത പരിപാടികളും അരങ്ങേറി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറിയിരുന്നു. ഐ.സി.സി, ഐ.സി.ബി.എഫ് നേതൃത്വത്തിൽ എംബസി പരിസരത്ത് വൃക്ഷതൈകളും നട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.