അന്തരീക്ഷവായു വിവരങ്ങൾ ഇനി പിഴക്കില്ല
text_fieldsദോഹ: രാജ്യത്തെ വിവിധ നഗരങ്ങളിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് കൃത്യമായി അറിയാൻ ഇനി പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റുണ്ട്. ദിവസവും വിവിധ നഗരങ്ങളിലെ വായു ഗുണനിലവാരവും ആഗോളനിലവാരവുമെല്ലാം താരതമ്യം ചെയ്തുകൊണ്ട് വിലയിരുത്താവുന്ന വിധത്തിൽ തയാറാക്കിയ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റ് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറത്തിറക്കി.
രാജ്യത്തിന്റെ അന്തരീക്ഷ വായുഗുണനിലവാരം ഉറപ്പാക്കുന്നതിന്റെഭാഗമായാണ് മന്ത്രാലയം പുതിയ പോർട്ടൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുന്ന തരത്തിൽ തയാറാക്കിയത്. വസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mecc.gov.qa/en/home ൽ പ്രവേശിച്ച് എയർക്വാളിറ്റി പോർട്ടൽ ക്ലിക്ക് ചെയ്ത് ഇവിടെ എത്താവുന്നതാണ്.
പ്രധാന നഗരങ്ങൾ ഉൾപ്പെടെ മേഖലകളിലെ അന്തരീക്ഷവായുവിന്റെ നിലവാരം വിവിധ നിറങ്ങളിലായി എളുപ്പത്തിൽ വായിച്ചെടുക്കാം. ദോഹ, അൽ വക്റ, ഉം സലാൽ, അൽ ദായിൻ, അൽ ഷമാൽ, അൽ ഖോർ, അൽ ഷെഹാനിയ, അൽ റയ്യാൻ തുടങ്ങി എട്ടു പ്രദേശങ്ങളിലെ അന്തരീക്ഷവായുവിന്റെ നിലവാരം ക്ലീൻ, നോർമൽ തുടങ്ങി ആറ് സ്റ്റാറ്റസുകളിലായി സൂചിപ്പിക്കും. എട്ടു നഗരങ്ങളിലും ശുദ്ധവായുവിനെ സൂചിപ്പിക്കുന്ന പച്ച നിറത്തിൽ ക്ലീൻ സ്റ്റാറ്റസാണ് ഖത്തറിനുള്ളത്.
രാജ്യത്തുടനീളം സ്ഥാപിച്ച 44 എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യവും, വേഗത്തിലുമുള്ള ഡേറ്റ കൈമാറ്റത്തിനുള്ള സാങ്കേതികവിദ്യ മന്ത്രാലയം വികസിപ്പിച്ചതായി പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ മോണിറ്ററിങ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം അസി. ഡയറക്ടർ അബ്ദുല്ല അൽ ഖുലൈഫി പറഞ്ഞു. ഈ വിവരങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.
പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുകയെന്ന ഖത്തർ ദേശീയ വിഷൻ 2030യുടെ ലക്ഷ്യങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് മന്ത്രാലയത്തിനു കീഴിലെ എയർ ക്വാളിറ്റി പോർട്ടൽ പ്രവർത്തനവുമെന്ന് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ബിൻ അഹ്മദ് ബിൻ അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു. ഓസോൺ, കാൺബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, പുകപടലങ്ങളിലെ പി.എം10, ആരോഗ്യത്തിന് ഹാനികരമായി മാറുന്ന പി.എം2.5 തുടങ്ങിയ അന്തരീക്ഷ ഘടകങ്ങളുടെ സാന്നിധ്യവും എയർ ക്വാളിറ്റി പോർട്ടൽ അറിയിപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.