ലോകകപ്പിന് തയാറെടുത്ത് ആംബുലൻസ് സർവിസ്
text_fieldsദോഹ: ലോകമേളയെ വരവേൽക്കാനൊരുങ്ങുമ്പോൾ അടിമുടി സജ്ജമാവുകയാണ് ഖത്തർ. സ്റ്റേഡിയങ്ങൾ മുതൽ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട് ഫിഫ അറബ് കപ്പിലൂടെ ഖത്തർ തയാറെടുപ്പ് വിളിച്ചോതി. അതിൽ സുപ്രധാനമായിരുന്നു ഹമദ് മെഡിക്കൽ കോർപറേഷന്‍റെ ആംബുലൻസ് സർവിസ് യൂനിറ്റിന്‍റെയും സേവനം. സ്റ്റേഡിയങ്ങൾ, കളിക്കളങ്ങൾ, മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങൾ, മെട്രോ സ്റ്റേഷനുകൾ, റോഡുകൾ തുടങ്ങി അപായം ഏതുനിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത് അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്, നിർണായക ഇടപെടലുകൾ നടത്തിയ ആംബുലൻസ് സർവിസ് വിഭാഗം ലോകകപ്പിന് ഒരുങ്ങിയെന്നതിന്‍റെ അടയാളപ്പെടുത്തലായി ഫിഫ അറബ് കപ്പ് മാറിയെന്ന് അധികൃതർ വെളിപ്പെടുത്തുന്നു. ആറ് വേദികളിലായി നടന്ന അറബ് കപ്പ്, ലോകകപ്പ് പോലെതന്നെ പ്രധാന ഇനമായാണ് പരിഗണിക്കപ്പെട്ടത്.
ഈ വർഷത്തെ വിശ്വമേളയിലേക്കുള്ള ഒരുക്കമായി അറബ് കപ്പ് മാറ്റപ്പെട്ടു -ആംബുലൻസ് സർവിസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദാർവിഷ് പറയുന്നു. 'കാണികളുടെ എണ്ണവും മത്സരം നടന്ന സ്റ്റേഡിയങ്ങളും പരിഗണിക്കുമ്പോൾ അറബ് കപ്പ് ലോകകപ്പിന്‍റെ തയാറെടുപ്പ് എന്നനിലയിൽ ഉപയോഗപ്പെടുത്താനായി. അറബ് കപ്പിനിടയിൽ സ്റ്റേഡിയങ്ങളിലും മറ്റുമായി കൃത്യമായ ആസൂത്രണത്തോടെ ആംബുലൻസ് സർവിസ് നിയന്ത്രിക്കപ്പെട്ടിരുന്നു. മാനേജർ, സീനിയർ ഓപറേഷൻ സൂപ്പർ വൈസർ, ഓപറേഷൻ ഓഫിസ്, ലോജിസ്റ്റിക്സ് സൂപ്പർവൈസർ, പാരാമെഡിക് വിഭാഗം, ക്ലിനിക്കൽ പരിചരണത്തിന് സീനിയർ കൺസൽട്ടന്‍റ് സേവനം എന്നിവയോടെയാണ് ഓരോ സ്റ്റേഡിയത്തിലും സർവിസ് യൂനിറ്റുകൾ സജ്ജമാക്കിയത്. സ്റ്റേഡിയം മാനേജർ നാഷനൽ കമാൻഡിങ് സെന്‍ററുമായി ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനം നിയന്ത്രിച്ചിരുന്നത് -അലി ദാർവിഷ് വിശദമാക്കി. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആംബുലൻസ് സർവിസ് നൽകിയ സേവനങ്ങൾ ഫിഫയുടെ പ്രശംസ പിടിച്ചുപറ്റിയതായും അദ്ദേഹം പറഞ്ഞു. അറബ് കപ്പ് ഫൈനലും ഖത്തർ ദേശീയദിനവും ഓരേ ദിവസമെത്തിയത് രണ്ട് വലിയ ആഘോഷങ്ങളെ ഒരു വീഴ്ചയുമില്ലാതെ കൈകാര്യം ചെയ്യാനുള്ള പരിചയസമ്പത്തും നൽകിയതായി അദ്ദേഹം വിശദീകരിച്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ് ലെഗസിയുമായി ചേർന്നാണ് ആംബുലൻസ് സർവിസിന്‍റെയും പ്രവർത്തനം.
സാങ്കേതിക മേഖല, ജീവനക്കാർക്ക് ലഭിച്ച പരിശീലനം, വിഭവശേഷം തുടങ്ങി എല്ലാ മേഖലയിലും അറബ് കപ്പിലെ ഓരോ അനുഭവവും ലോകകപ്പിലേക്കുള്ള തയാറെടുപ്പിൽ പാഠമായി മാറും. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിക്കും മുമ്പുള്ള പ്രാഥമിക ചികിത്സകൾ, ഗുരുതരാവസ്ഥയിലുള്ളവർക്ക് ആശുപത്രിയിലേക്കുള്ള യാത്ര എന്നിവക്കുപുറമെ മറ്റ് അടിയന്തര സേവനങ്ങളും ആംബുലൻസ് സർവിസ് വിഭാഗം ഉറപ്പാക്കുന്നു. അറബ് കപ്പിനിടയിലും പതിവ് സേവനങ്ങളിൽ തടസ്സമില്ലായിരുന്നുവെന്ന് അലി ദാർവിഷ് സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് രോഗികൾ, വാക്സിനേഷൻ സെന്‍ററർ തുടങ്ങിയ ദൈനംദിന നടപടികളും മുടക്കമില്ലാതെ തുടർന്നു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം ആംബുലൻസ് സർവിസ് വിഭാഗത്തിന്‍റെ സേവനങ്ങൾ കുറവായിരുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കിണിക്കുന്നു. 2020ൽ 379212 കേസുകളാണ് ആകെ കൈകാര്യം ചെയ്തത്. ഇതിൽ 268953 അടിയന്തര കേസുകളായിരുന്നു. എന്നാൽ, 2021 ജനുവരി മുതൽ നവംബർ അവസാനംവരെയുള്ള കണക്കുകൾ പ്രകാരം 352785 കേസുകളാണ് ആകെയുണ്ടായിരുന്നത്.
ഇവയിൽ 245610 കേസുകളും അടിയന്തരമായിരുന്നുവെന്ന് അലി ദാർവിഷ് പറഞ്ഞു. ദോഹക്കുള്ളിൽ 10 മിനിറ്റിലും പുറത്ത് 15 മിനിറ്റിലുമാണ് സർവിസ് ഉറപ്പുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.