ആംബുലേറ്ററി കെയർ ഐ.സി.യു തുറന്നു
text_fieldsദോഹ: ആംബുലേറ്ററി കെയർ സെന്ററിലെ പുതിയ തീവ്രപരിചരണ വിഭാഗം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു.
അടിയന്തര നടപടികൾക്ക് ശേഷം രോഗികൾക്ക് ക്രിട്ടിക്കൽ കെയർ സേവനം നൽകുകയും നിരീക്ഷണം സാധ്യമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. ആംബുലേറ്ററി കെയർ സെന്ററിന്റെ ഒന്നാം നിലയിൽ സ്ഥാപിച്ച പുതിയ യൂനിറ്റിൽ ശസ്ത്രക്രിയക്കും രോഗികൾക്കുമായി ഒരു ഐസൊലേഷൻ റൂമും 14 ഐ.സി.യു കിടക്കകളുമാണുള്ളത്. തീവ്രപരിചരണം ആവശ്യമായ മുതിർന്ന രോഗികളെയും ശിശുക്കളായ രോഗികളെയും ഉൾക്കൊള്ളാൻ വിധത്തിലാണ് യൂനിറ്റ്. മെഡിക്കൽ സിറ്റിയിലെ ആശുപത്രികളായ ആംബുലേറ്ററി കെയർ സെന്റർ, വിമൻസ് വെൽനസ് ആൻഡ് റിസർച് സെന്റർ, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്നുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഉന്നത നിലവാരത്തിൽ അടിയന്തര സേവനം പുതിയ യൂനിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
സാധാരണയായി ആംബുലേറ്ററി കെയർ സംവിധാനം എന്നത് രോഗികളെ പരിശോധിക്കുകയും ആവശ്യമായ പ്രാഥമിക ശുശ്രൂഷ നൽകി ഉടൻതന്നെ വീടുകളിലെത്തിക്കുകയോ അല്ലെങ്കിൽ കുറച്ച് സമയം നിരീക്ഷണത്തിൽ വിടുകയോ ആണ് ചെയ്യുന്നത്.
എന്നാൽ, ആംബുലേറ്ററി കെയർ സെന്ററിൽ പുതിയ ഐ.സി.യു തുടങ്ങാനുള്ള തീരുമാനം നിർണായകമായിരുന്നുവെന്നും സെന്റർ മേധാവി ഡോ. ഖാലിദ് അൽ ജൽഹാം പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധരും പരിചയസമ്പന്നരുമായ ജീവനക്കാരാണ് പുതിയ ഐ.സി.യു യൂനിറ്റിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. 28 ദിവസം പ്രായമായത് മുതലുള്ള കുഞ്ഞുങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പീഡിയാട്രിക് സേവനവും 14 വയസ്സിന് മുകളിലേക്കുള്ളവരെ ചികിത്സിക്കുന്നതിനായുള്ള അഡൽട്ട് സേവനവുമാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.