തുർക്കിയിൽ അമീർ- ഉർദുഗാൻ കൂടിക്കാഴ്ച
text_fieldsദോഹ: സൗഹൃദ രാഷ്ട്രമായ തുർക്കിയുമായി ബന്ധം ഊഷ്മളമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം . വ്യാഴാഴ്ച രാത്രിയിൽ ഇറാൻ സന്ദർശനം പൂർത്തിയാക്കി ഇസ്തംബൂളിലെത്തിയ അമീർ, തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. തുർക്കിയും ഖത്തറും തമ്മിലെ നിലവിലെ സൗഹൃദവും നയതന്ത്ര വ്യാപാര ബന്ധവും കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ഇസ്തംബൂളിലെ വാഹിദുദ്ദീൻ പാലസിൽ അമീറിന് തുർക്കി പ്രസിഡന്റ് ഉച്ചവിരുന്ന് ഒരുക്കി.
തുടർന്നു നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുതിയ സംഭവ വികാസങ്ങൾ ഇരു രാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു. ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, അമിരി കോർട്ട് മേധാവി, തുർക്കി വിദേശകാര്യ മന്ത്രി കാവുസോളു , ആഭ്യന്തര മന്ത്രി സുലൈമാൻ എന്നിവരും പങ്കെടുത്തു. പതിറ്റാണ്ടുകളായി ശക്തമായ സൗഹൃദവും സുരക്ഷ, രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സൈനിക, വികസന, സാംസ്കാരിക മേഖലകളിൽ സഹകരണവും തുടരുന്ന രാഷ്ട്രങ്ങളാണ് ഖത്തറും തുർക്കിയും.
1979ൽ ആരംഭിച്ച നയതന്ത്ര ബന്ധം, 2014ൽ ആരംഭിച്ച ഉന്നത സ്ട്രാറ്റജിക് കമ്മിറ്റിയിലൂടെ കൂടുതൽ ഊഷ്മളമായി. ഇരു രാജ്യങ്ങളും ഇതിനകം ഏഴ് ഉന്നത സമിതി യോഗത്തിന് വേദിയായിട്ടുണ്ട്. 80 ലേറെ കരാറുകളിലും ഒപ്പുവെച്ചു. കഴിഞ്ഞ ഡിസംബറിൽ തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഖത്തർ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.