ചരിത്ര ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും; ഇനി യൂജിനിൽ
text_fieldsദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ന് അവസാനദിനം. ദോഹയെയും ഖത്തറിനെയും ആവേശത്തിലാഴ്ത്തിയ, ഒരുപിടി ലോക റെക്കോഡുകൾ പഴങ്കഥയാക്കിയ, പുത്തൻ താരങ്ങളെ സമ്മാനിച്ച, അർധരാത്രിയിലെ ആദ്യ മാരത്തണും പ്രഥമ മിക്സഡ് റിലേയുമായി ചരിത്രത്തിലിടം നേടിയ 10 ദിവസത്തെ കായിക മാമാങ്കത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. 200ലധികം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം രാജ്യാന്തര അത്ലറ്റുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം സന്ദർശകരും ദോഹയിൽ എത്തി. രണ്ടുവർഷം നീണ്ടുനിന്ന തയാറെടുപ്പുകളും ശ്രമങ്ങളും പാഴായില്ല. ലോക കായിക ഭൂപടത്തിൽ പ്രധാനപ്പെട്ടതായി ദോഹ ചാമ്പ്യൻഷിപ് ഇടംപിടിച്ചുകഴിഞ്ഞു. അടുത്ത ചാമ്പ്യൻഷിപ് 2021ൽ അമേരിക്കയിലെ യൂജിനിൽ നടക്കും.
ബർഷിം എന്ന മുത്ത്
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ എട്ടാം ദിനത്തിലെ പ്രത്യേകത ഹൈജംപ് ഫൈനൽ തന്നെയായിരുന്നു. ഖത്തറിെൻറ മുക്കുമൂലകളിൽ നിന്നെല്ലാം സ്വദേശികളും വിദേശികളും ബർഷിമിെൻറ നേട്ടം കാണാനും േപ്രാത്സാഹിപ്പിക്കാനും ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കൊഴുകിയ ദിവസം. പ്രതീക്ഷിച്ചതുപോലെത്തന്നെ സംഭവിച്ചു. 2017ൽ ലണ്ടനിൽ നേടിയ സ്വർണം ആർക്കും വിട്ടുകൊടുക്കാതെ ബർഷിം നിലനിർത്തി. മത്സര ത്തിനിടക്ക് രണ്ടുതവണ തുടർച്ചയായി ചാട്ടം പിഴച്ചെങ്കിലും നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് മുന്നോട്ട് നീങ്ങിയത്, ആയിരക്കണക്കിന് വരുന്ന ജനതയുടെ പ്രാർഥനകൊണ്ടും. ബർഷിമിെൻറ നേട്ടം കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും സ്റ്റേഡിയത്തിലെത്തിയിരുന്നു.
ഓരോ തവണ ബർഷിം പുതിയ ഉയരങ്ങൾ മറികടക്കുമ്പോൾ എണീറ്റുനിന്ന് സന്തോഷാധിക്യത്താൽ അമീർ കൈയടിക്കുന്നുണ്ടായിരുന്നു. 2.37 മീറ്റർ ആയാസകരമായി മറികടന്ന ബർഷിമിെൻറ നേട്ടത്തിൽ അമീർ ഏറെനേരം സന്തോഷം പ്രകടിപ്പിച്ച് കൈയടിച്ചതും താരത്തെ നേരിട്ടെത്തി ആലിംഗനം ചെയ്തതും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയ നിമിഷങ്ങളായി. മെഡൽ ഏറ്റുവാങ്ങിയ ഇന്നലെ ബർഷിമിനെ അഭിനന്ദിക്കാൻ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. ചാമ്പ്യൻഷിപ്പിലെ ഖത്തറിന് ആദ്യ മെഡൽ നേടിത്തന്ന അബ്ദുറഹ്മാൻ സാംബയും ജനശ്രദ്ധ ഏറെ പിടിച്ചുപറ്റി. സാംബയുടെ ഫൈനൽ കാണാനും നിരവധിയാളുകളാണ് സ്റ്റേഡിയത്തിലേക്കൊഴുകിയത്.
നിരാശയോടെ ഇന്ത്യ; പ്രതീക്ഷയോടെയും
ചാമ്പ്യൻഷിപ്പിലാദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ ഫൈനലിലെത്തിയതും ജാവലിൻ േത്രായിൽ ദേശീയ റെക്കോഡോടെ അന്നുറാണിയുടെ ഫൈനൽ പ്രവേശവുമൊഴിച്ചാൽ പതിവുപോലെ കാര്യമായ നേട്ടങ്ങളില്ലാതെയാണ് ഇന്ത്യ മടങ്ങുന്നത്. മിക്സഡ് റിലേയിൽ ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ ടീമിനായി എന്നത് എടുത്തുപറയേണ്ടതാണ്. 4x400 മീറ്റർ റിലേയിൽ പുരുഷ -വനിത ടീമുകൾ നിരാശപ്പെടുത്തി. 1500 മീറ്ററിൽ ഏഷ്യൻ ജേതാവായ പി യു ചിത്രക്കും നേട്ടമുണ്ടാക്കാനായില്ല. അതേസമയം, 3000 മീറ്റർ പുരുഷന്മാരുടെ സ്റ്റീപ്ൾ ചേസിൽ ഇന്ത്യക്ക് മെഡൽ നേടാനായില്ലെങ്കിലും പങ്കെടുത്ത അവിനാഷ് സെബിളിന് അടുത്ത വർഷം ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് ടിക്കറ്റ് കിട്ടി. യോഗ്യതാ മാർക്കായ 8.22.00 സെക്കൻഡിൽ അവിനാഷിന് ഓടിയെത്താനായതാണ് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.