അബൂദബിയിൽ ഇമാറാത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അമീർ
text_fieldsദോഹ: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനവുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇയിലെത്തി. ഞായറാഴ്ചയാണ് അമീർ യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സന്ദർശിച്ച് അനുശോചനം അറിയിച്ചത്. അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ അമീറും ഉന്നതസംഘവും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ആൽ നഹ്യാൻ കുടുംബത്തിന്റെയും ഇമാറാത്തി ജനതയുടെയും ദുഃഖത്തിൽ പങ്കുചേർന്നു.
ഹ്രസ്വസന്ദർശനത്തിനുശേഷം മടങ്ങിയ അമീറിനെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യാത്രയയക്കാനായി പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരിട്ട് എത്തി.
ശനിയാഴ്ച അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇയിലെത്തിയിരുന്നു. ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവരും ശനിയാഴ്ച പ്രത്യേക പ്രതിനിധിക്കൊപ്പം ദുഃഖത്തിൽ പങ്കുചേരാനായി അബൂദബി സന്ദർശിച്ചു.
2017ൽ നാലു രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനുശേഷം ആദ്യമായാണ് അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി യു.എ.ഇ സന്ദർശിക്കുന്നത്. ഉപരോധത്തിന് മുമ്പ് 2016ൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമീർ അബൂദബി സന്ദർശിച്ചിരുന്നു. 2021 ജനുവരിയിൽ ഉപരോധം പിൻവലിച്ചശേഷം, രാജ്യങ്ങൾ തമ്മിൽ സൗഹൃദവും ബന്ധവും പൂർവനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.