ദോഹയിൽ താലിബാനുമായി ചർച്ച നടത്തി അമേരിക്ക
text_fieldsദോഹ: ആഭ്യന്തര സംഘർഷങ്ങളിൽ ദുരിതത്തിലായ അഫ്ഗാനിലെ സമാധാന പാലനത്തിനും അന്താരാഷ്ട്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി. അഫ്ഗാനിസ്താന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അമേരിക്ക വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ദോഹയില്‍ നടന്ന ചര്‍ച്ച സമാപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്കയെ പ്രതിനിധീകരിച്ച് തോമസ് വെസ്റ്റും അഫ്ഗാനിലെ വനിതകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ചുമതല വഹിക്കുന്ന റിന അമീരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന് മുത്തഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ചത്.
രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളും സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള താലിബാന് നിലപാടുകളും കടുത്ത ദാരിദ്ര്യവും ചര്‍ച്ചയായി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ താലിബാന് തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും വെല്ലുവിളിയാകുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് അഫ്ഗാനിസ്താന് മണ്ണൊരുക്കരുതെന്നും ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവരുന്നതായും യു.എസ് പ്രതിനിധികള്‍ വിലയിരുത്തി. അതേസമയം അമേരിക്ക മരവിപ്പിച്ച അഫ്ഗാന് സെന്‍ട്രല്‍ ബാങ്കിന്റെ 700 കോടി ഡോളറിന്റെ ഫണ്ട് വിട്ടുനല്‍കാന്‍ തയാറാകണമെന്ന് താലിബാന് ഭരണകൂടം ആവശ്യപ്പെട്ടു.
താലിബാന് നേതാക്കളുടെ യാത്രാവിലക്ക് നീക്കണമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചു. രണ്ടുവർഷം മുമ്പ് താലിബാൻ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് അമേരിക്കയും താലിബാനും ഒരുമേശക്ക് ചുറ്റുമായി ചർച്ചക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.