അമീർ കപ്പിൽ ഇന്ന് കിരീടപ്പോരാട്ടം
text_fieldsദോഹ: ഖത്തറിന്റെ ക്ലബ് ഫുട്ബാളിലെ രാജകിരീടമായ അമീർകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം. 18 തവണ കിരീടം ചൂടിയ അൽ സദ്ദോ, അതോ രണ്ടു തവണ മാത്രം കപ്പടിച്ച ഖത്തർ സ്പോർട്സ് ക്ലബോ എന്ന് വെള്ളിയാഴ്ചയറിയാം. രാത്രി ഏഴിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. മുൻ ചാമ്പ്യന്മാരും, കഴിഞ്ഞ സീസൺ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളുമായ അൽ ദുഹൈലിനെ സെമിയിൽ ഒരു ഗോളിന് വീഴ്ത്തിയാണ് അൽ സദ്ദിന്റെ ഫൈനൽ പ്രവേശനം. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ രണ്ടാം പകുതിയിൽ പിറന്ന ഗോളാണ് സദ്ദിന് ഫൈനൽ ബർത്ത് നൽകിയത്. അടുത്ത ദിവസം നടന്ന രണ്ടാം സെമിയിൽ ഖത്തർ സ്പോർട്സ് ക്ലബ് അൽ ഗറാഫയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി. ‘ദ കിങ്’ എന്ന് വിളിപ്പേരുകാരായ ഖത്തർ എസ്.സി പഴയ പ്രതാപ കാലത്തിന്റെ നിഴൽ മാത്രമായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങൾ. 1973ലും 1975ലും അമീർ കപ്പിൽ കിരീടം ചൂടിയ ശേഷം 50 വർഷത്തിനിടെ നാലുതവണ ഫൈനൽ കളിച്ചുവെങ്കിലും ഖത്തർ എസ്.സി കിരീടത്തിൽ തൊട്ടിട്ടില്ല.
എന്നാൽ, സ്റ്റാർ ക്ലബായ അൽ സദ്ദ് രണ്ടു വർഷം മുമ്പ് കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണയെത്തുന്നത്. 2020, 2021 വർഷങ്ങളിൽ കിരീടം ചൂടിയശേഷം ടീമിന് കഴിഞ്ഞ രണ്ടുതവണയും ഭാഗ്യം ലഭിച്ചില്ല. അവസാന വർഷം, ഫൈനലിൽ അൽ അറബിയോട് തോൽക്കുകയായിരുന്നു. ഹസൻ അൽ ഹൈദോസ്, അക്രം അഫിഫ്, ബൗലം ഖൗഖി, യൂസുഫ് അബ്ദുറസാഖ് തുടങ്ങി ദേശീയ താരങ്ങൾ മുതൽ അൽജീരിയയുടെ ബഗ്ദാദ് ബൗനെ, ബ്രസീലിന്റെ ഗിയേർമോ തുടങ്ങി മിന്നും താരങ്ങളാണ് അൽ സദ്ദിന്റെ കരുത്ത്. സീസണിൽ തദ്ദേശീയ താരങ്ങളും വിദേശികളും ഉൾപ്പെടെ മികച്ച കോമ്പിനേഷനാണ് ഖത്തർ എസ്.സിയുടെ മികവ്. അബ്ദുല്ല അഹ്റാഖ്, സെബാസ്റ്റ്യൻ സോറിയ തുടങ്ങിയ ഖത്തർ താരങ്ങൾ നയിക്കുന്ന മുന്നേറ്റം അമീർ കപ്പ് സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.വൈകുന്നേരം ഏഴിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം കഴിഞ്ഞ ദിവസത്തോടെ 90 ശതമാനത്തിലേറെ വിറ്റഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.