അമീർ കപ്പ്: ഷൂട്ടൗട്ടിൽ അൽ സദ്ദ്
text_fieldsദോഹ: ആവേശം അണമുറിയാത്ത പോരാട്ടം. ഇഞ്ചോടിഞ്ച് മാറിമറിഞ്ഞ കളി. ഒടുവിൽ പെനാൽറ്റിഷൂട്ടൗട്ടിലെ അവസാന കിക്കിൽ അമീർ കപ്പ് ഫൈനലിലെ കിരീട വിജയികളെ നിർണയിച്ചു. അൽ റയ്യാെൻറ കണ്ണീർ വീണ അൽ തുമാമ സ്റ്റേഡിയത്തിലെ ആദ്യ വിജയികൾ കരുത്തരായ അൽ സദ്ദായി മാറി. നിശ്ചിത സമയത്തെ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ്, വിധി നിർണയം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളിയുടെ 45ാം മിനിറ്റിൽ യാസിൻ ഇബ്രാഹിമിയുടെ ഗോളിലൂടെ അൽ റയ്യാനാണ് മുന്നിലെത്തിയത്.
നിരവധി അവസരങ്ങൾ പാഴാക്കിയ അൽസദ്ദിന് ഒടുവിൽ ഭാഗ്യം പെനാൽറ്റിയിലൂടെ തന്നെയെത്തി. 57ാം മിനിറ്റിൽ സാൻറി കസോർലയുടെ പെനാൽറ്റി സാവിയുടെ ടീമിനെ ഒപ്പമെത്തിച്ചു. സദ്ദിനും റയ്യാനും ലീഡുയർത്താൻ പിന്നെയും ഒരുപിടി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റയ്യാെൻറ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ് നിറംമങ്ങി. ഒടുവിലാണ് പെനാൽറ്റി കിരീടം നിർണയിച്ചത്. ആദ്യ നാല് കിക്കുകളും ഇരു ടീമും പിഴക്കാതെ വലയിലാക്കി. എന്നാൽ, സദ്ദിെൻറ ഷോജ കലിൽസാദ് എടുത്ത അഞ്ചാം കിക്ക് സദ്ദ് ഗോളി സഅദ് ഷീബ് തട്ടിയകറ്റി. പിന്നാലെ, സദ്ദിെൻറ അവസാന കിക്ക് വൂ യോങ് ജംങ് അനായാസം വലയിലാക്കിയതോടെ കളി 5-4ന് ജയിച്ച് സാവിയുടെ കുട്ടികൾ വീണ്ടും കിരീടമണിഞ്ഞു.അൽ സദ്ദിെൻറ 18ാം അമീർകപ്പ് കിരീട വിജയമാണിത്. അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി വിജയികൾക്ക് കിരീടം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.