അമീർ കപ്പ്; അൽ സദ്ദ് x അൽ അറബി ഫൈനൽ
text_fieldsദോഹ: മേയ് 12ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാവുന്ന അമീർ കപ്പ് കിരീടപ്പോരാട്ടത്തിൽ ചാമ്പ്യൻ ക്ലബ് അൽ സദ്ദും അൽ അറബിയും മുഖാമുഖം. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലിൽ അൽ സൈലിയയെ 7-1ന് കീഴടക്കിയാണ് അൽ അറബി ഫൈനലിൽ ഇടം പിടിച്ചത്. ക്വാർട്ടറിൽ സീസണിൽ കിരീടം വാരിക്കൂട്ടി കുതിക്കുന്ന ഹെർനാൻ ക്രെസ്പോയുടെ അൽ ദുഹൈലിനെ അട്ടിമറിച്ചായിരുന്നു അൽ സൈലിയ സെമിയിൽ പ്രവേശിച്ചത്.
എന്നാൽ, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി പന്തുരുണ്ട് തുടങ്ങിയതിനു പിന്നാലെ, സൈലിയ വലയിൽ അൽഅറബിയുടെ ഗോൾ വർഷം തുടങ്ങി. 12ാം മിനിറ്റിൽ ആദ്യം വലകുലുക്കിയ യൂസുഫീ മസാകിനി ഹാട്രിക് ഗോളുകളുമായി ടീമിന്റെ പടയോട്ടം നയിച്ചു. ഏറ്റവും ഒടുവിൽ ഇഞ്ചുറി ടൈമിൽ ഏഴാം ഗോൾ കുറിച്ചതും ഇദ്ദേഹമായിരുന്നു. റഫീന്യ (31), അഹമ്മദ് സുഹൈൽ (70), ഉമർ അൽ സമോഹ് (72, 82) എന്നിവരും അൽ അറബിക്കായി ലക്ഷ്യം കണ്ടു. ടീം ആറ് ഗോളിന് പിന്നിൽ നിന്നപ്പോൾ മാത്രമായിരുന്നു അൽ സൈലിയക്ക് ആശ്വാസ ഗോൾ കുറിക്കാൻ കഴിഞ്ഞത്. 85ാം മിനിറ്റിൽ കാർലോസ് സ്ട്രാൻബർഗിലൂടെയാണ് ആശ്വാസ ഗോൾ പിറന്നത്.
ആദ്യ സെമിയിൽ അൽ ഷഹാനിയയെ തോൽപിച്ച അൽ സദ്ദാണ് കലാശപ്പോരാട്ടത്തിലെ എതിരാളികൾ. മേയ് 12ന് ലോകകപ്പ് ഫൈനൽ വേദിയായ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.
18 തവണ അമീർ കപ്പ് കിരീടം ചൂടിയവരാണ് അൽ സദ്ദ് എങ്കിൽ അൽ അറബി എട്ടു തവണ ജേതാക്കളായിരുന്നു. ആദ്യ കാലങ്ങളിൽ ഖത്തറിലെ ക്ലബ് ഫുട്ബാളിലെ പവർ ഹൗസായ അൽ അറബിക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഫൈനൽ പ്രവേശനം. 1992-93 സീസണിൽ കിരീടമണിഞ്ഞവർ, 1994ലായിരുന്നു അവസാനമായി ഫൈനൽ കളിച്ചത്. അൽ സദ്ദ് ആവട്ടെ, 2020,2021 സീസണുകളിൽ കിരീടമണിഞ്ഞു. അൽ ദുഹൈലാണ് നിലവിലെ ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.