ഗോൾഡൻ ഫിഫ്റ്റിയിൽ അമീർകപ്പ്
text_fieldsദോഹ: ഖത്തറിന്‍റെ ഫുട്ബാൾ പ്രതാപവും പാരമ്പര്യവും പേറുന്ന അമീർ കപ്പ് ചാമ്പ്യൻഷിപ്പിന്‍റെ 50ാം സീസണിന് വെള്ളിയാഴ്ച കൊടിയിറക്കം. ഖലീഫ രാജ്യന്തര സ്റ്റേഡിയത്തിൽ സ്റ്റാർസ് ലീഗിലെ മുൻനിര ടീമുകളായ അൽ ദുഹൈൽ എഫ്.സിയും അൽ ഗറാഫ എഫ്.സിയും ഏറ്റുമുട്ടും.
രാത്രി ഏഴിനാണ് ആവേശം ഗാലറി നിറയുന്ന പോരാട്ടം. 18 തവണ ചാമ്പ്യൻമാരായ അൽ സദ്ദിനെ തോൽപിച്ചാണ് അൽ ദുഹൈൽ ഫൈനലിലെത്തിയത്. അൽ വക്റക്കെതിരായിരുന്നു അൽ ഗറാഫയുടെ ആധികാരിക ജയം.ഏഴു തവണ ചാമ്പ്യൻമാരായ അൽ ഗറാഫ, 2012ലാണ് അവസാനമായി കിരീടത്തിലും ഫൈനലിലുമെത്തിയത്.
അന്ന് അൽ സദ്ദിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നായിരുന്നു കിരീടനേട്ടം. 2018ലും 2019ലും കിരീടമണിഞ്ഞ അൽ ദുഹൈൽ മൂന്നു തവണയാണ് ഇതുവരെ അമീർ കപ്പിൽ മുത്തമിട്ടത്.
ലെഖ്വിയ എസ്.സി എന്ന പേരിൽ 2016ലായിരുന്നു ആദ്യമായി ടീം ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. ഗറാഫ മഞ്ഞക്കുപ്പായത്തിലും, അൽ ദുഹൈൽ ചുവപ്പിലുമായാവും ഖലീഫ സ്റ്റേഡിയത്തിലെ പോരാട്ടത്തിൽ കളത്തിലിറങ്ങുന്നത്.
സ്റ്റാര്‍സ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ അൽ ദുഹൈലിനാണ് മത്സരത്തില്‍ മേല്‍ക്കൈ. ആഭ്യന്തര സീസണിന്‍റെ സമാപനവും, എന്നാൽ, ലോകകപ്പ് ആവേശങ്ങളിലേക്കുള്ള കിക്കോഫുമായി മാറുന്ന പോരാട്ടത്തിന് സാക്ഷിയാവാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷ.
40,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ 75 ശതമാനം കാണികൾക്കാണ് പ്രവേശനം. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 85 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. മികച്ച യാത്ര സംവിധാനങ്ങളും മറ്റും ഒരുക്കിയാണ് സംഘാടകർ കാണികളെ കാത്തിരിക്കുന്നത്.
അമീർ കപ്പ് @ 50
ഖത്തറിലും അറബ് മേഖലയിലും ഏറ്റവും പ്രചാരവും പഴക്കവുമുള്ള ടൂർണമെന്റുകളിൽ ഒന്നായി 1972ലാണ് അമീർ കപ്പ് ചാമ്പ്യൻഷിപ്പിന് കിക്കോഫ് കുറിക്കുന്നത്. ലീഗ് ആവേശത്തിനൊപ്പം ഏത് ക്ലബുകളും അമീർ കപ്പിൽ ഒരു മുത്തം കുറിക്കാൻ ആഗ്രഹിച്ചു. 1972-73 സീസണിലായിരുന്ന പ്രഥമ ടൂർണമെന്റ്. അൽ അഹ്ലി പ്രഥമ ചാമ്പ്യന്മാരുമായി. ആദ്യ ഘട്ടത്തിൽ ഫസ്റ്റ് ഡിവിഷൻ ടീമുകളെ മാത്രം ഉൾപ്പെടുത്തി നടന്ന ടൂർണമെന്റ് 1999ലാണ് രണ്ടാം ഡിവിഷൻ ലീഗ് ടീമുകളെ കൂടി പങ്കാളികളായി 18 ടീമുകളുമായി നടത്തപ്പെടുന്നത്. നോക്കൗട്ട് ഫോർമാറ്റിൽ പുരോഗമിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ വിജയങ്ങൾ മാറിമറിഞ്ഞു. എങ്കിലും, പ്രതാപശാലികളായ അൽ സദ്ദ് തന്നെ ഏറ്റവും ഏറെ കിരീടം അണിഞ്ഞത്. തുടർച്ചയായി കഴിഞ്ഞ രണ്ടു സീസണുകളിലും ചാമ്പ്യൻമാരായത് ഉൾപ്പെടെ 18 തവണ കിരീടമുയർത്തി. അൽ അറബി എട്ടും അൽ ഗറാഫ ഏഴും അൽ റയ്യാൻ ആറും തവണ ജേതാക്കളായി. 2009ൽ മാത്രം പിറവിയെടുത്ത അൽ ദുഹൈൽ തങ്ങളുടെ നാലാം കിരീടത്തിനുവേണ്ടിയാണ് വെള്ളിയാഴ്ച ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഖത്തറിന്‍റെ ലോകകപ്പ് വേദികളുടെ ഉദ്ഘാടന ഉത്സവം കൂടിയായാണ് അമീർ കപ്പ് ഫൈനൽ മാറുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ലോകകപ്പിനൊരുങ്ങിയ അൽ തുമാമ സ്റ്റേഡിയം കായിക ലോകത്തിന് സമർപ്പിച്ചായിരുന്നു അമീർ കപ്പിന്റെ ഫൈനൽ. 2020ൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനും, 2019ൽ അൽ ജനൂബ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനും 2017ൽ ലോകകപ്പിനായി നവീകരിച്ച് തയാറായ ഖലീഫ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനും വേദിയായത് അമീർ കപ്പ് ഫൈനലുകൾ സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.