ഗസ്സ: ഫലസ്തീൻ പ്രസിഡന്റുമായി അമീർ ചർച്ച നടത്തി
text_fieldsദോഹ: റമദാൻ ഒരാഴ്ച പിന്നിടുമ്പോഴും പരിഹാരമാവാതെ തുടരുന്ന ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ വീണ്ടും സജീവമാകുന്നു. ചർച്ചകളുടെ മുന്നോടിയായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫലസ്തീൻ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി ഫോണിൽ ആശയവിനിമയം നടത്തി. ഖത്തര്‍ കേന്ദ്രീകരിച്ച് വരും ദിനങ്ങളിൽ ചര്‍ച്ചകള്‍ സജീവമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നൽകുന്ന സൂചന.
മഹമൂദ് അബ്ബാസുമായുള്ള സംഭാഷണത്തിൽ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന്റെ ആവശ്യകത ഇരുവരും പങ്കുവെച്ചു. ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍നിന്ന് ഉന്നതതല സംഘം ഖത്തറിലെത്തുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ സജീവമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബന്ദി മോചനത്തിന് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്.
ഖത്തറിലെത്തിയ ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവുമായും അമീര്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്തു. ഗസ്സയിലേക്ക് തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
ദോഹയിലെത്തിയ സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഗസ്സയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.