അമീര്‍ സൗദിയിൽ: ഗ്രീന്‍ ഇനീഷ്യേറ്റിവ് സമ്മേളനത്തിൽ പങ്കെടുക്കും
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദിയിലെത്തി. സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യൻ പരിസ്ഥിതി സൗഹൃദ പങ്കാളിത്ത ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് അമീർ തിങ്കളാഴ്ച എത്തിയത്. അറബ് മേഖലയിലെതുള്‍പ്പെടെ 20 രാഷ്ട്രത്തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഉച്ചകോടിയുടെ പ്രഖ്യാപനം നടത്തിയത്.
കാലാവസ്ഥ വ്യതിയാനം, ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണം തുടങ്ങിയവയില്‍ ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അറബ് മേഖലയുടെ ശക്തവും ഫലപ്രദവുമായ സംഭാവനകളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായാണ് ഉച്ചകോടി. അറബ് മേഖലയില്‍ 50 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ആഗോളതലത്തില്‍ 10 ശതമാനത്തിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുമാണ് റിയാദ് ഗ്രീന്‍ ഇനീഷ്യേറ്റിവ് പ്രഥമഘട്ടത്തില്‍ ലക്ഷ്യംവെക്കുന്നത്. ഉന്നത നേതാക്കളടക്കമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പമാണ് ഖത്തർ അമീർ റിയാദിലെത്തിയത്. പരിസ്ഥിതി സൗഹൃദ ലോകകപ്പ് എന്ന ആശയമുള്‍പ്പെടെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിവിധ പദ്ധതികളാണ് നലവില്‍ ഖത്തർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.