അമീറിന്റെ നെതർലൻഡ്സ് സന്ദർശനം പൂർത്തിയായി
text_fieldsദോഹ: നെതർലൻഡ്സ് സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സംഘവും ആംസ്റ്റർഡാമിൽനിന്ന് മടങ്ങി. സാമ്പത്തികം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഊഷ്മള സ്വീകരണമാണ് ഖത്തർ അമീറിന് നെതർലൻഡ്സിൽ ലഭിച്ചത്. അമീറിന്റെ സന്ദർശനം നെതർലൻഡ്സിനുള്ള ആദരമാണെന്ന് ഹേഗിലെ നൂർദൈൻഡെ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്നിൽ വില്ലെം അലക്സാണ്ടർ രാജാവും മാക്സിമ രാജ്ഞിയും പറഞ്ഞു.
ഡച്ച് പ്രധാനമന്ത്രി മാർക്ക് റുറ്റെ, ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ റോബ് ജെറ്റൻ, ഉപപ്രധാനമന്ത്രിയും തൊഴിൽ -സാമൂഹികക്ഷേമ മന്ത്രിയുമായ കരിയൻ വാൻ ജെന്നിപ്, വിദേശ വ്യാപാര മന്ത്രി ലീസ്ജെ ഷ്രൈയ്നെമാക്കറും മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഖത്തർ പ്രതിനിധി സംഘത്തിൽ അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു. സ്വീകരണത്തിന് നന്ദി പറഞ്ഞ അമീർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും പ്രകൃതി വാതകം, നിക്ഷേപം, സാമ്പത്തിക മേഖലകളിൽ സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.