ലുസൈലിൽ ഈദ് നമസ്കരം നിർവഹിച്ച് അമീർ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർഥനാ മൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ലുസൈൽ മൈതാനത്തെ ഈദ് നമസ്കാരത്തിൽ അമീറിനൊപ്പം പങ്കാളികളായി.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജുമായ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. 29 ദിവസം പ്രാർഥനകളോടെ ദൈവമാർഗത്തിലെ വ്രതം അനുഷ്ഠിക്കാനും പെരുന്നാൾ ആഘോഷിക്കാനും ദൈവം നൽകിയ അനുഗ്രഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. സാമൂഹിക ഐക്യത്തെയും സുസ്ഥിരതയും കാലം ആവശ്യപ്പെടുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോക മുസ്ലിംകളുടെ ഐക്യത്തിനായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു.
മുൻവർഷങ്ങളിൽ അൽ വജ്ബ പാലസ് മൈതാനിയിലായിരുന്നു അമീർ ഈദ് നമസ്കാരം നിർവഹിച്ചത്. പെരുന്നാൾ നമസ്കാരത്തിനു ശേഷം അമീർ ലുസൈൽ പാലസിൽ വിശിഷ്ടാതിഥികളെ സ്വീകരിക്കുകയും ഈദ് ആശംസകൾ കൈമാറുകയും ചെയ്തു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, സമൂഹത്തിൻെറ വിവിധ തുറകളിലുള്ളവർ എന്നിവരെ സ്വീകരിച്ച് ഈദ് ആശംസകൾ കൈമാറി. വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, സേനാ ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരെയും സ്വീകരിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.