അമീറിെൻറ ഏഷ്യൻ പര്യടനം: വ്യാപാരം, നിക്ഷേപം, ജുഡീഷ്യറി മേഖലയിൽ ഖത്തർ–സിംഗപ്പൂർ കരാർ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഏഷ്യൻ പര്യടനത്തോടനുബന്ധിച്ച് ഖത്തറും സിംഗപ്പൂരും തമ്മിൽ വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സിംഗപ്പൂരിലെ ഇസ്താന പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങും പങ്കെടുത്തു.
മലേഷ്യയിൽ നിന്നും സിംഗപ്പൂരിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സിംഗപ്പൂർ പ്രസിഡൻറ് ഹലീമ യാകൂബുമായി കൂടിക്കാഴ്ച നടത്തി. അമീറിനെ സ്വാഗതം ചെയ്ത അവർ, ഖത്തറിനും സിംഗപ്പൂരിനും ഇടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും അമീറിെൻറ സന്ദർശനം ഗുണം ചെയ്യുമെന്നും വ്യക്തമാക്കി.
സിംഗപ്പൂരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും കൂടുതൽ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുമാണ് ഖത്തർ ശ്രമിക്കുന്നതെന്നും ഖത്തറിനും സിംഗപ്പൂരിനും ഇടയിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും അമീർ പ്രതികരിച്ചു.ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും നിക്ഷേപങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ള കരാറിൽ ഖത്തറും സിംഗപ്പൂരും ഒപ്പുവെച്ചു. കൂടാതെ ഖത്തർ ഡെവലപ്മെൻറ് ഫണ്ടിെൻറ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ ഖത്തർ യൂനിവേഴ്സിറ്റിയിലെ ഗൾഫ് സ്റ്റഡീസ് സെൻററും സിംഗപ്പൂർ നാഷണൽ യൂനിവേഴ്സിറ്റിയിലെ മിഡിലീസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ ലക്ഷ്യങ്ങളും ആവശ്യങ്ങളും മുൻനിർത്തി ഗവേഷണങ്ങളെയും വളർച്ച ലക്ഷ്യമിട്ടുള്ള മറ്റു പ്രവർത്തനങ്ങളെയും ഉയർത്തിക്കൊണ്ടുവരികയാണ് കരാറിലൂടെയുള്ള ലക്ഷ്യം. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും സിവിൽ സർവീസ് കോളേജും തമ്മിലും, നിയമ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ സഹകരണം മുൻനിർത്തി ഖത്തർ നീതിന്യായ മന്ത്രാലയത്തിലെ ലീഗൽ ആൻഡ് ജുഡീഷ്യൽ സെൻററും സിംഗപ്പൂർ ലോ അക്കാദമിയും തമ്മിലും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നീതിനിർവഹണ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിലും സിംഗപ്പൂർ സുപ്രീം കോടതിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇരുരാഷ്ട്രത്തലവന്മാർക്കും പുറമേ, സിംഗപ്പൂരിെൻറയും ഖത്തറിെൻറയും ഭാഗത്ത് നിന്നുള്ള ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.സിംഗപ്പൂർ പര്യടനത്തിന് ശേഷം അമീറും സംഘവും ഇന്തോനേഷ്യയിലേക്ക് തിരിച്ചു.നേരത്തെ മലേഷ്യയിലെത്തിയ അമീറും സംഘ വും മലേഷ്യൻ രാജാവ് മുഹമ്മദ് അഞ്ചാമാനുമായും പ്രധാനമന്ത്രി നജീബ് അബ്ദു റസാഖുമായും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു. മലേഷ്യ ഖത്തറുമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ ഇപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾ തങ്ങളെ ഒരു നിലക്കും ബാധിക്കുന്നതല്ല. സൗദി അറേബ്യയുമായും തങ്ങൾക്ക് വിവിധ മേഖലകളിൽ സഹകരണ ബന്ധങ്ങളുണ്ട്. പുതിയ സാഹചര്യം സൗദി അറേബ്യ മ നസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂൺ അഞ്ചിനാണ് ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് അമീർ ശൈഖ് തമീം വിദേശ പര്യടനത്തിന് പോകുന്നത്.
വിരുന്നിലും അമീർ പെങ്കടുത്തു
സിംഗപ്പൂർ: സിംഗപ്പൂരിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സിംഗപ്പൂർ പ്രസിഡൻറ് ഹലീമ യാകൂബ് ഒരുക്കിയ വിരുന്നിലും സംബന്ധിച്ചു.
ഖത്തറും സിംഗപ്പൂരും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചടങ്ങിൽ പ്രസിഡൻറ് ഹലീമ യാകൂബ് പ്രശം സിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സംയുക്ത സമിതിയുടെ രൂപീകരണം, അമീറിെൻറ പങ്ക് എന്നിവ ബന്ധം വളരുന്നതിൽ മുഖ്യപങ്കുവഹിച്ചു. അന്താഷ്ട്ര തലത്തിൽ ഖത്തറും സിംഗപ്പൂരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കിയ അവർ, ഇരുരാജ്യങ്ങളുടെയും സാമ്പത്തികമേഖല വ്യാപാര സൗഹൃദ സമ്പദ് വ്യവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി.
2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ചരിത്രത്തിലിടം നേടുമെന്നും ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് വൻവിജയമാകുമെന്നും അവർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.